ദിലീപിനെ പോലീസ് നിഴല്‍പോലെ പിന്നാലെ നടന്ന് കുടുക്കി: ഇനി ചാര്‍ലിയെ മാപ്പുസാക്ഷിയുമാക്കില്ല

single-img
20 November 2017

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന് പൊലീസ്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വ്യാപാരസ്ഥാപനത്തിന്റെ ശാഖാ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാര്യം പോലീസ് ഉള്‍പ്പെടുത്തുക.

കേസിലെ മുഖ്യപ്രതിയായ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായി അന്വേഷണസംഘം പറയുന്നു. 164 പ്രകാരം മൊഴി നല്‍കാന്‍ ചാര്‍ളി ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാടില്‍നിന്ന് ചാര്‍ളി പിന്നോട്ടു പോവുകയായിരുന്നു.

ഇതിനു പിന്നില്‍ ദിലീപാണെന്നാണ് പോലീസ് വാദം. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പോലീസ് പറയുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു ലക്ഷ്യയിലെ ഈ ജീവനക്കാരന്‍.

ഇദ്ദേഹം പിന്നീട് മൊഴിമാറ്റിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാകും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേസമയം കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിക്ക് തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ചാര്‍ലി തോമസ് കേസില്‍ മാപ്പുസാക്ഷിയാകില്ല.

രഹസ്യമൊഴിയില്‍ കുറ്റം സമ്മതിച്ച ചാര്‍ലി, മാപ്പുസാക്ഷിയാകാന്‍ കോടതി വിളിപ്പിച്ചിട്ടും എത്തിയില്ല. ചാര്‍ലിയെ ദിലീപ് സ്വാധീനിച്ചെന്നാണു പൊലീസിന്റെ നിലപാട്. നേരത്തെ, കുറ്റം ചെയ്തു മൂന്നാം ദിവസം ഒളിവില്‍ കഴിയവെ കേസിലെ ക്വട്ടേഷന്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ സുനില്‍കുമാര്‍ നടത്തിയെന്നു ചാര്‍ലി മൊഴി നല്‍കിയിരുന്നു.

‘കേസില്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല, ക്വട്ടേഷന്‍ നല്‍കിയ വ്യക്തി മലയാള സിനിമയിലെ ഉന്നതനാണ്, നടിയുടെ ദൃശ്യങ്ങള്‍ കൈമാറുമ്പോള്‍ ഒന്നര കോടി രൂപ ലഭിക്കും, തമിഴ്‌നാട്ടില്‍ സുരക്ഷിതരായി ഒളിവില്‍ കഴിയാന്‍ അവസരം നല്‍കിയാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് സുനില്‍ വാഗ്ദാനം ചെയ്തതായി ചാര്‍ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

വാര്‍ത്താ ചാനലുകളിലൂടെയാണു നടിയെ ഉപദ്രവിച്ച കേസിന്റെ ഗൗരവം മനസ്സിലാക്കിയത്. സുനിലിനെ ആശങ്ക അറിയിച്ചപ്പോഴാണു സംഭവം നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്നു പറഞ്ഞതെന്നും ചാര്‍ലി മൊഴി നല്‍കിയിട്ടുണ്ട്.

കേസിലെ കൂട്ടുപ്രതിയായ വിജീഷും കോയമ്പത്തൂരില്‍ കഴിഞ്ഞപ്പോള്‍ എല്ലാ സഹായങ്ങളും നല്‍കിയതു ചാര്‍ലിയായിരുന്നു. യുവനടിയെ പ്രതികള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനിലിന്റെ മൊബൈല്‍ ഫോണില്‍ ചാര്‍ലി കണ്ടതായും മൊഴിയിലുണ്ട്.

പിറ്റേന്നു ചാര്‍ലിയുടെ അയല്‍വാസിയുടെ ബൈക്കു മോഷ്ടിച്ച സുനിലും വിജീഷും കേരളത്തിലേക്കു കടന്നു. എറണാകുളത്തു കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതും ഈ ബൈക്കിലാണ്.