സംഘപരിവാറുകാരുടെ നുണ പ്രചരണം പൊളിഞ്ഞു: ശബരിമല ദര്‍ശനം നടത്തിയ അനിലയ്ക്ക് 36 അല്ല 51 വയസായി; വ്യാജ പ്രചരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

single-img
20 November 2017

പത്തനംതിട്ട: മന്ത്രി കെകെ ശൈലജയുടെ കൂടെ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ച സ്ത്രീയ്ക്ക് 50 വയസ്സായില്ലെന്ന് ആരോപിച്ച് സംഘപരിവാര്‍ അനുഭാവികള്‍ വ്യാപക പ്രചരണം നടത്തുന്നു. മന്ത്രിയുടെ ബന്ധുവും എന്‍.എച്ച്.എം നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഉദ്യോഗസ്ഥയുമായ അനില ജനാര്‍ദ്ദനനെതിരെയാണ് പ്രചരണം.

ഇവര്‍ മുപ്പത്താറുകാരിയാണെന്നായിരുന്നു സംഘപരിവാര്‍ അനുഭാവികളുടെ ആരോപണം. മുപ്പത്താറുകാരിയായ നിങ്ങള്‍ എങ്ങനെ ശബരിമല കയറുമെന്ന് ചോദിച്ച് അനിലയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സംഘടിത ആക്രമണമാണ് നടന്നത്. അന്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്നിരിക്കെയാണ് 51 വയസ് കഴിഞ്ഞ അനിലയ്‌ക്കെതിരായ ആക്രമണം.

ഹിന്ദുവിന്റെ ആചാരങ്ങളെയും വിശ്വാസത്തെയും ബോധപൂര്‍വം അപമാനിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ‘ഇത് അനില സി.ജെ വയസ് 43, മന്ത്രി മാഡത്തിനൊപ്പം സന്നിധാന ദര്‍ശനം നടത്തിയ നിരീശ്വരവാദി ഭക്ത. ഒരു ഭരണകൂടം ഒന്നടങ്കം ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന സമൂഹത്തിന്റെ ഗതികേടിന്റെ പേരില്‍ ലജ്ജിക്കാമെന്നാണ്’ ഫേസ്ബുക്കില്‍ ഒരാളുടെ പ്രതികരണം.

എന്നാല്‍ അനിലയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. 1966ല്‍ ജനിച്ച ഒരു വ്യക്തിക്ക് 2017ല്‍ ശബരിമലയില്‍ കയറാന്‍ സംഘികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. 51 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് വ്യക്തമായിട്ടും നിര്‍ത്താതെ ചീത്ത വിളിക്കുന്നവരുടെ ഉദ്ദേശം സര്‍ക്കാരിനെ അധിക്ഷേപിക്കുകയും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുകയാണെന്നും അനിലയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

അതേസമയം 51 വയസുകഴിഞ്ഞ താന്‍ ആചാരങ്ങളും നിയമങ്ങളും പാലിച്ചാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും തെറ്റായ പ്രചാരണം നടത്തി തന്നെ ചിലര്‍ അവഹേളിക്കുകയാണെന്നും വ്യക്തിഹത്യയാണ് ഇതെന്നും അനില പ്രതികരിച്ചു. ഇത് ചൂണ്ടിക്കാണിച്ച് അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

സന്നിധാനത്ത് പണിത ആശുപത്രിയുടെ ഉദ്ഘാടനത്തിനായിരുന്നു ഇവര്‍ സാന്നിധാനത്തെത്തിയത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കുകയായിരുന്നു.