അമിത് ഷാ മുഖ്യപ്രതിയായിരുന്ന കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമോ?: വെളിപ്പെടുത്തലുമായി കുടുംബം

single-img
20 November 2017

ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ട കേസിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹരികൃഷന്‍ ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാരവണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോയയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരിക്കുന്നതിന്റെ തലേദിവസം രാത്രി 11 മണിയ്ക്ക് ലോയ തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും 40 മിനിറ്റോളം അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നതായും ഭാര്യ ഷാര്‍മ്മിള പറയുന്നു.

നാഗ്പൂറിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസായ രവി ഭവനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് താനിപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. അതായിരുന്നു ലോയോട് അവസാനമായി സംസാരിച്ചതെന്നും ഷാര്‍മിള വ്യക്തമാക്കി. പിറ്റേദിവസം രാവിലെ അപ്രതീക്ഷിതമായാണ് ലോയയുടെ മരണവാര്‍ത്ത കേള്‍ക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മെച്ചമായിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ മുഖ്യ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മാത്രമായിരുന്നു. മറ്റൊരു ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആയി ലോയയെ നിയമിക്കുന്നത്.

ലോയയുടെ മരണശേഷം സൊഹ്‌റാബുദ്ദീന്‍ കേസിലെ പ്രധാന പ്രതിയായിരുന്ന ഷായെ 2015ല്‍ കേസില്‍ നിന്നും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ഈശ്വര്‍ ബഹേട്ടി എന്നയാളാണ് ലോയയുടെ മരണം കുടുംബാംഗങ്ങളെ അറിയിക്കുന്നത്.

ഗസ്റ്റ് ഹൗസില്‍ നിന്നും ലോയയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് അന്ന് രാത്രി കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ആ ഗസ്റ്റ് ഹൗസില്‍ നിന്നും വളരെ ദൂരത്തിലാണ് ഓട്ടോ സ്റ്റാന്‍ഡ് ഉള്ളത്.

പെട്ടെന്ന് ഓട്ടോ റിക്ഷാ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. ആ അര്‍ധരാത്രിയില്‍ അവര്‍ എങ്ങനെ ഓട്ടോറിക്ഷാ സംഘടിപ്പിച്ചെന്നും കുടുംബം ചോദിക്കുന്നു. മാത്രമല്ല, ലോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും കൂടെയുണ്ടായിരുന്നവര്‍ വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. ലോയക്ക് ആശുപത്രിയില്‍ നല്‍കിയ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ നിരസിക്കുകയും ചെയ്തു.

റീ പോസ്റ്റ് മോര്‍ട്ടത്തിനായി ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വിഷയം കൂടുതല്‍ പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരും ലോയയുടെ കൂടെയുണ്ടായിരുന്നവരും പോലീസും നടത്തിയ പല നീക്കങ്ങളും സംശയാസ്പദമാണെന്നും ഡോക്ടര്‍ കൂടിയായ സഹോദരി ബിയാനി പറഞ്ഞു.

ചെറിയ ചുമ വന്നാല്‍ പോലും തന്നെ കണ്ടിരുന്ന ലോയക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള ആരോഗ്യസ്ഥിതി അല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിതൃബന്ധത്തിലുള്ള സഹോദരന്‍ ഒപ്പിട്ടിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരുബന്ധം തങ്ങള്‍ക്കില്ലെന്നും ഒപ്പിട്ട വ്യക്തിയെക്കുറിച്ച് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി.

നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോയയുടെ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കിയത്. ലോയയുടെ മരണവാര്‍ത്ത മാധ്യമങ്ങളും കാര്യമായി കൈകാര്യം ചെയ്തിരുന്നില്ല. സൊഹ്‌റാബു്ദദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ജഡ്ജിയുടെ മരണത്തെ സംബന്ധിച്ച് സിബിഐക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല.

നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവില്‍ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സിബിഐ പ്രതിചേര്‍ത്തിരുന്നു. ചെറുകിട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൌസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുക്കുകയും ലഷ്‌കര്‍ഇ ത്വയ്ബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയെ 2006 ഡിസംബറില്‍ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് അടുത്ത കേസ്.