ഇന്ത്യക്കാരിയുടെ വ്യാജ ചിത്രം: പാക് സൈന്യത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു

single-img
19 November 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജ ചിത്രം ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ പാക് സൈന്യത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. പെണ്‍കുട്ടിയുടെ മോര്‍ഫു ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. പാക്ക് സൈന്യത്തിന്റെ @defencepk എന്ന ട്വിറ്റര്‍ അക്കൗണ്ടിനാണു പൂട്ടുവീണത്.

രാജ്യത്ത് നടക്കുന്ന ആക്രമണത്തിനെതിരെയുള്ള സന്ദേശം ഉയര്‍ത്തുന്ന പ്ലക്കാര്‍ഡ് പിടിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കവല്‍പ്രീത് കൗറിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്തത്. ‘ഞാന്‍ ഇന്ത്യക്കാരിയാണ്, പക്ഷേ ഇന്ത്യയെ ഞാന്‍ വെറുക്കുന്നു.

കാരണം ഇന്ത്യയൊരു അധിനിവേശ രാജ്യമാണ്. കശ്മീരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദ്. ജുനഗഢ്, സിക്കിം, മിസോറം, ഗോവ, നാഗാലന്‍ഡ് തുടങ്ങിയവരാണ് ഇവിടെ കഴിയുന്നത്’ എന്നായിരുന്നു പാക്ക് സൈന്യം പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

എന്നാല്‍ ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ വല്‍പ്രത് കൗര്‍ പ്രതിഷേധിക്കുന്ന ചിത്രമാണിതെന്ന് അധികം വൈകാതെ കണ്ടെത്തി. ഇതേത്തുടര്‍ന്നു കവല്‍പ്രീതിന്റെ യഥാര്‍ഥ ചിത്രവുമായി ട്വീറ്ററുകളും പ്രചരിച്ചു. ‘ഞാന്‍ ഇന്ത്യക്കാരിയാണ്. നമ്മുടെ ഭരണഘടനയിലെ മതേതര വാദത്തിനൊപ്പമാണ് താനെന്ന്’ വ്യക്തമാക്കിയായിരുന്നു കവല്‍പ്രതീന്റെ യഥാര്‍ഥ പ്ലക്കാര്‍ഡ്.

സംഭവം കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയതോടെ പാക്ക് സേന ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതോടെ ട്വിറ്റര്‍ അധികൃതര്‍ അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.