കൊല്‍ക്കത്ത ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ; രണ്ടാം ഇന്നിങ്‌സില്‍ 171/1

single-img
19 November 2017

കൊല്‍ക്കത്ത ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഒന്നാം ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. ഒന്നാം ഇന്നിങ്‌സില്‍ 122 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്.

ഇന്ത്യക്കിപ്പോള്‍ 49 റണ്‍സിന്റെ ലീഡായി. 94 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. 116 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സറും പറത്തിയാണ് ധവാന്‍ 94ല്‍ എത്തിയത്. കെ.എല്‍. രാഹുല്‍ 73 റണ്‍സുമായി ക്രീസിലുണ്ട്. പൂജാരയാണ് കൂട്ടിന്.

നേരത്തെ, ശ്രീലങ്ക 122 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും നാലു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും വാലറ്റത്തു പൊരുതിനിന്ന രംഗണ ഹെറാത്താണ് ലങ്കയുടെ ലീഡ് 100 കടത്തിയത്. 106 പന്തില്‍ ഒന്‍പതു ഫോറുകള്‍ ഉള്‍പ്പെടെ ഹെറാത്ത് 67 റണ്‍സെടുത്തു. ലഹിരു തിരുമന്നെയും (51), എയ്ഞ്ചലോ മാത്യൂസൂം (52) അര്‍ധ സെഞ്ചുറി നേടി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര 172 റണ്‍സിനു പുറത്തായിരുന്നു.