ഹാദിയ കേസില്‍ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു

single-img
19 November 2017

ഹാദിയ കേസില്‍ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷെഫിന്‍ ജഹാനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്‍ഐഎ അന്വേഷണം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാനാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്‍ഐഎയ്ക്ക് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാകില്ല എന്നാണ് ഷെഫിന്‍ ജഹാന്റെ വാദം.

അതിനാല്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്ന എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വിക്രമന് എതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നുണ്ട്. വൈക്കത്തെ വസതിയില്‍ ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടി ദുരൂഹമാണെന്നും ഷെഫിന്‍ ജഹാന്‍ പറയുന്നു.