സൗദിയിൽ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേർ അറസ്റ്റിൽ

single-img
19 November 2017

പൊതുമാപ്പ് അവസാനിച്ചതിനു പിന്നാലെ സൌദിയില്‍ ആരംഭിച്ച പരിശോധനയില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തോളമായി. നിയമലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇഖാമ, താമസ നിയമലംഘകരാണ് പിടിയിലായത്. ഇഖാമ ഇല്ലാത്തവരേയും ഇഖാമ കാലാവധി കഴിഞ്ഞവരേയും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. രേഖകളില്ലാത്ത വിദേശികളെ സഹായിച്ച സ്വദേശികളും പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം അറസ്റ്റിലായത് 7500 പേരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ സ്ഥലങ്ങളും സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലം ഏര്‍പ്പെടുത്തിയ ഫോണ്‍ സംവിധാനം വഴിയും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

രാജ്യത്തേക്ക് അനധികൃമായി കടക്കാന്‍ ശ്രമിച്ച 21000 പേരെയും പിടികൂടി. രേഖകളില്ലാതെ രാജ്യം വിടാന്‍ ശ്രമിച്ച 872 പേരും പിടിയിലാണ്. നടപടി പൂര്‍ത്തിയാകും വരെ കഫീലുമാരും സ്ഥാപനങ്ങളും നിയമലംഘകരെ പിടികൂടാന്‍ സഹായിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. പുണ്യ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്.