ഇടതുപക്ഷം സംവരണത്തെ സമീപിക്കുന്നത് യാഥാത്ഥ്യങ്ങള്‍ക്ക് നേര്‍ക്ക്‌ കണ്ണടച്ചുകൊണ്ടാണ്; രശ്മി ആർ നായർ എഴുതുന്നു….

single-img
19 November 2017

രശ്മി ആർ നായർ

ഒരിടവേളയ്ക്ക് ശേഷം സംവരണം വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നു വന്നിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സവര്‍ണ്ണ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേരള സംസ്ഥാന മന്ത്രിസഭാ തീരുമാനമാണ് ഇപ്പോളതെ ചര്‍ച്ചകളുടെ കാരണം. അതില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ രൂപീകരണം നടത്തുന്നവര്‍ അതിനു മുന്‍പ് സംവരണത്തിന്റെ ചരിത്രപരമായ കാരണങ്ങളും സംവരണം എന്ന ഭരണഘടനാ സങ്കല്‍പ്പവും റിപ്പബ്ലിക് ഇന്ത്യയില്‍ അതിന്‍റെ വികാസവും പരിശോധിക്കണം. കാരണം ഈ വിഷയത്തില്‍ രേഖപ്പെടുത്തുന്ന 90% അഭിപ്രായങ്ങളും തെറ്റിദ്ധാരണകളുടെ മുകളിലാണ്.

ഇന്ത്യന്‍ ഭരണഘടന സംവരണത്തെ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത് എന്ന് പരിശോധിക്കാം . ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് മതം, ജാതി, ലിംഗം തുടങ്ങിയവയുടെ പേരില്‍ ഭരണകൂടം പൌരനോട് വിവേചനം കാണിക്കാന്‍ പാടില്ല. സംവരണവുമായി ബന്ധപ്പെട്ട ആദ്യ കേസ് ആയിരുന്നു 1950ലെ ചെമ്പകം ദൊരൈരാജന്‍ VS സ്റ്റേറ്റ് ഓഫ് മദ്രാസ്. സംവരണം നടപ്പിലാക്കിയ ശേഷം ബാക്കി വന്ന ജനറല്‍ ക്വാട്ടയില്‍ മെഡിക്കല്‍ കോളേജില്‍ ചെമ്പകത്തിനു അഡ്മിഷന്‍ ലഭിച്ചില്ല. തന്‍റെ മൌലീക അവകാശം ലംഘിക്കപ്പെട്ടു എന്ന് കാണിച്ചു ചെമ്പകം സുപ്രീംകോടതിയില്‍ പോയി. കേസ് പരിശോധിച്ച സുപ്രീംകോടതി സംവരണത്തില്‍ സീറ്റുകള്‍ നല്‍കാനുള്ള വ്യവസ്ഥ റദ്ദാക്കി ചെമ്പകത്തിനു അഡ്മിഷന്‍ നല്‍കാന്‍ വിധിച്ചു. ആ വിധിയെ മറികടക്കാന്‍ ആണ് 1950ല്‍ ആദ്യ ഭരണഘടനാ ഭേദഗതി ഉണ്ടാകുന്നത്.

ആര്‍ട്ടിക്കിള്‍ 15ന്‍റെ നാലാമത്തെ ക്ലോസ് ആയി “വിദ്യാഭ്യാസപരമായോ സാമൂഹ്യമായോ പിന്നോക്കം നില്‍ക്കുന്നവര്‍ക്കോ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കോ വേണ്ടിയോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുനന്തില്‍ നിന്നും രാഷ്ട്രത്തെ തടയുന്നതല്ല” എന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അവസര സമത്വം ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 16ലെ നാലാം ക്ലോസിലും ഇത് തന്നെയാണ് പറയുന്നത് “രാഷ്ട്രത്തിന്‍ കീഴിലെ സര്‍വ്വീസുകളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാം” എന്നതാണ് വ്യവസ്ഥ. സംവരണം എന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു അവകാശമല്ല എന്ന രീതിയിലുള്ള തര്‍ക്കങ്ങള്‍ അതോടെ അവസാനിച്ചു എന്ന് പറയാം.

സംവരണം നിര്‍വചിക്കപ്പെട്ടിരിക്കുന്നത് വിദ്യാഭ്യാസപരമായോ സാമൂഹ്യമായോ പിന്നോക്കം നില്‍ക്കുന്നവര്‍ക്കോ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കോ വേണ്ടി സംവരണം ഏര്‍പ്പെടുത്താം എന്നാണു . അതിനു വിരുദ്ധമായി സാമ്പത്തിക പരിധിയുടെ പേരില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴായി വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട് . അപ്പോഴൊക്കെ അത് ബന്ധപ്പെട്ട ഭരണഘടനാ കോടതികളുടെ ഇടപെടലില്‍ കൂടി റദ്ദാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവസാനമായി 2016ല്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് ഗുജറാത്ത് ഹൈക്കോടതി ഭരണഘടനാ വിരുദ്ധം എന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. അന്ന് കോടതി നടത്തിയ നിരീക്ഷണം ഇതാണ്
“The court held that no quota can be granted on the basis of economic criteria because it is not provided for in the Constitution, which allows quotas on socially backwards and Scheduled Castes and Tribes. The court observed that the ordinance promulgated by the State government is against the spirit of the Constitution and fundamental rights.”
സാമ്പത്തിക പരിധി സംവരണത്തിന് മാനദണ്ഡമായി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇനിയൊരു ഭരണഘടനാ ഭേദഗതിയിലൂടെ അതുകൂടി കൂട്ടി ചേര്‍ക്കപ്പെടുന്നത് വരെ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഷ്ട്രീയമായി അങ്ങനെ ഒരു പ്രഖ്യാപിത നയമുള്ള സംഘപരിവാര്‍ കേന്ദ്രഭരണം കയ്യാളുന്നത് കൊണ്ട് അത്തരം ഒരു നീക്കം ഏതു സമയത്തും പ്രതീക്ഷിക്കുകയും ചെയ്യാം.

എന്തുകൊണ്ട് അതിനെ എതിര്‍ക്കണം സാമ്പത്തികമായി സംവരണം നല്‍കിയാല്‍ എന്താണ് പ്രശ്നം എന്ന ചോദ്യം അപ്പോള്‍ സ്വാഭാവികമായും ഉണ്ടാകും. ജെന്‍ഡര്‍ കാസ്റ്റ് ഡിസേബിലിറ്റി തുടങ്ങിയ ഒരു നിമിഷം കൊണ്ട് വ്യക്തിക്ക് സ്വയം മാറ്റാന്‍ കഴിയാത്ത സാമൂഹിക അവസ്ഥകളില്‍ ഉള്ളവര്‍ക്ക് ഈ പറഞ്ഞവയില്‍ ഒക്കെ മുന്നോക്കം നില്‍ക്കുന്ന മറ്റു കമ്മ്യൂണിറ്റികള്‍ക്കൊപ്പം വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവും നേടുവാനുള്ള ഭരണഘടനാപരമായ അവകാശമാണ് സംവരണം. സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്നും ഉയര്‍ന്നുവരാന്‍ സര്‍ക്കാര്‍ തന്നെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നൂറുകണക്കിന് പദ്ദതികള്‍ ഉണ്ട്. അതുകൊണ്ട് സംവരണം എന്ന വാക്കിനൊപ്പം സാമ്പത്തികം എന്നത് ചേര്‍ത്ത് വയ്ക്കുന്നത് നല്ല അസംബന്ധമാണ്.

സാമുദായികം അല്ലാത്ത മറ്റൊരു സംവരണത്തെ ഉദാഹരണമായി എടുത്ത് പരിശോധിച്ചാല്‍ അതിലെ തമാശ മനസിലാകും. സ്ത്രീകള്‍ക്കായി ബസ്സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണം ജെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഉള്ള സംവരണമാണ് അവിടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് കൂടെ സീറ്റ് അനുവദിക്കണം എന്ന് പറഞ്ഞാലോ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന സ്ത്രീകളെ അതില്‍ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞാലോ എങ്ങനെ ഉണ്ടാകും . സ്ത്രീ എന്ന സ്വത്വം ഒരു പുരുഷമേധാവിത്വ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമാണ്‌ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സ്ത്രീ എത്ര തന്നെ സ്വയം ശ്രമിച്ചാലോ സാമ്പത്തികമായി മുന്നേറിയാലോ ചുറ്റുമുള്ള സമൂഹം കൂടി മാറാതെ അവളുടെ സോഷ്യല്‍ സ്റ്റാറ്റസ് മാറില്ല. സമൂഹം മാറണമെങ്കില്‍ സ്ത്രീക്ക് പ്രാതിനിധ്യം ഉണ്ടാകണം അതുണ്ടാകുന്നത് വരെ സംവരണം തുടരും അതിനി എത്ര കാലമായാലും.

അതുപോലെ തന്നെ ഒരു വ്യക്തി സ്വയം ശ്രമിച്ചാലോ സാമ്പത്തികമായി ഉയര്‍ന്നാലോ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവനുസമൂഹത്തില്‍ ജാതിയില്‍ നിന്നും മോചിതനാകാന്‍ കഴിയില്ല അതിനു ചുറ്റുമുള്ള സമൂഹം കൂടി മാറണം. അത് ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെ മാത്രം പ്രശ്നമല്ല സവര്‍ണ്ണ ജാതിയില്‍ പെട്ട ഒരാള്‍ എത്രതന്നെ ജാതിയുടെ പ്രിവിലെജുകളില്‍ നിന്നും മാറി നടന്നാലും സമൂഹം കൂടി മാറാത്തിടത്തോളം അയാള്‍ സവര്‍ണ്ണനായി തുടരും. സമൂഹം മാറണമെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് അധികാര പ്രാതിനിധ്യം ഉണ്ടാകണം സാമൂഹിക ഉന്നമനം ഉണ്ടാകണം അതിന് അധിസ്ഥാനപരമായി വിദ്യാഭ്യാസവും ഉണ്ടാകണം. അതുണ്ടാകുന്നത് വരെ സംവരണം തുടരണം. അതിനി എത്ര കാലമായാലും. അതിനെ അട്ടിമറിക്കാനുള്ള ഏതൊരു ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.

ഒരു വ്യക്തിയെ അവന്‍റെ മത്സര ശേഷിയെ ഒക്കെ രൂപപ്പെടുത്തുന്നതില്‍ അയാള്‍ വളരുന്ന സാമൂഹിക കുടുംബ സാഹചര്യങ്ങള്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സാഹചര്യങ്ങളില്‍ ജനിച്ചു വളരുന്ന വ്യക്തിക്ക് അതിന്‍റെ നേരെ വിപരീത സാഹചര്യങ്ങളില്‍ ജനിച്ചു വളരുന്ന ഒരാളുമായി മത്സരിച്ചു വിജയം നേടുക എന്നത് വെല്ലുവിളിയാണ് . ജനറല്‍ വിഭാഗത്തില്‍ പ്രവേശനം നേടുന്ന ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെ കണക്കു പരിശോധിച്ചാല്‍ അത് വ്യക്തമാകും. അപ്പോള്‍ അത്തരത്തില്‍ സാമൂഹികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ സാമൂഹിക ഉന്നമനം കൈവരിക്കുന്നത് വരെ സംവരണം നിലനിര്‍ത്തേണ്ടത് സോഷ്യല്‍ റെസ്പോണ്‍സിബിള്‍ ആയ ഒരു സമൂഹത്തിന്‍റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വം കൂടിയാണ്.

അപ്പോള്‍ സംവരണം ഇങ്ങനെ തന്നെ അവസാനം വരെ തുടരണം എന്നാണോ എന്ന ചോദ്യം ഇടയ്ക്കിടെ കേള്‍ക്കാം . ഒരിക്കലുമല്ല സംവരണം എന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നത് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജനസംഖ്യാ ആനുപാതികമായ അധികാര പ്രാതിനിധ്യം എന്നതാണ് അതിന്‍റെ പ്രഥമമായ പ്രത്യക്ഷ ലക്‌ഷ്യം. ഈ ലക്‌ഷ്യം നേടുന്നത് വരെ സംവരണം തുടരണം എന്നാല്‍ രാജ്യത്തൊട്ടാകെ ഒരു സമുദായം ഒരേ സാമൂഹിക അവസ്ഥയാകില്ല എന്നത് കൊണ്ട് ലക്ഷ്യത്തെ ബാധിക്കാത്ത പ്രാദേശികമായ മാറ്റങ്ങള്‍ ഇവയില്‍ ഉണ്ടാകണം . ഒരു സമുദായം ആനുപാതിക പ്രാതിനിധ്യം നേടി കഴിഞ്ഞാല്‍ പടിപടിയായി അവരുടെ സംവരണ ശതമാനം കുറയ്ക്കാം. അതെ പോലെ തന്നെ ആനുപാതിക പ്രാതിനിധ്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന സമുദായങ്ങളുടെ സംവരണ തോത് കൂട്ടുക.

എല്ലാ ക്ലാസ് ജോലികളിലും ഈ ആനുപാതിക പ്രാതിനിധ്യം ഒരുപോലെയാവില്ല പ്രതിഭലിക്കുന്നത് . സ്വാഭാവികമായും താഴ്ന്ന ക്ലാസ് ജോലികളില്‍ ആനുപാതിക പ്രാതിനിധ്യം ഉയര്‍ന്നതും ഉയര്‍ന്ന ക്ലാസ് ജോലികളില്‍ പ്രാതിനിധ്യം കുറവും ആയിരിക്കും. ഈ വിടവ് നികത്താന്‍ കഴിയുന്ന രീതിയില്‍ ഓരോ ക്ലാസിലെയും സംവരണ ശതമാനം തുടര്‍ച്ചയായി പുനര്‍ക്രമീകരിക്കപ്പെടനം . ഉദാഹരണത്തിന് താഴ്ന്ന ക്ലാസ് ജോലികളിലെ ദളിത്‌ സംവരണ ശതമാനം പ്രാതിനിധ്യം നേടുന്ന മുറയ്ക്ക് കുറയ്ക്കുകയും ഉയര്‍ന്ന ക്ലാസ് ജോലികളിലെ ശതമാനം കൂട്ടുകയും ചെയ്യാം. ഇത്തരത്തില്‍ നിരന്തരമായ ഒരു പരിവര്‍ത്തന പ്രക്രിയയില്‍ കൂടിയാണ് സംവരണം കടന്നുപോകേണ്ടത്‌ അല്ലെങ്കില്‍ അങ്ങനെ തന്നെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ കാലക്രമേണെ ഉള്ള മാറ്റങ്ങള്‍ മറ്റേതൊരു സിസ്റ്റവും എന്നപോലെ സംവരണത്തിലും നടക്കുന്നുണ്ട്.

ഇനി ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണത്തെ എടുത്തു പരിശോധിക്കാം .പുതിയ ദേവസ്വം സംവരണ നയ പ്രകാരം SC/ST-12% ഈഴവ- 17% OBC – 6% മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍- 10% ഇതാണ് തോത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാരെ തിരഞ്ഞെടുക്കാനുള്ള വരുമാന പരിധി എന്താണ് എന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയിലെ OBC ക്രീമീ ലെയറിന്‍റെ വരുമാന പരിധിക്കു കീഴില്‍ വരുന്ന സവര്‍ണ്ണ വിഭാഗത്തെ മുഴുവന്‍ ഉള്‍പ്പെടുത്തും എന്നതാണ് നയമെങ്കില്‍ ഫലത്തില്‍ മുന്നോക്ക വിഭാഗം മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കുന്നവരായി മാറുകയാണ്. അതല്ല BPL വരുമാന പരിധിയാണോ അതോ അതിനെ കുറിച്ച് പഠനം നടത്തി പുതിയൊരു പരിധി നിശ്ചയിക്കാന്‍ സമിതിയെ നിയമിക്കുമോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടും ഇല്ല.

നിലവില്‍ ജനസംഖ്യയുടെ 13% ആണ് കേരളത്തിലെ സവര്‍ണ്ണ ഹിന്ദുക്കള്‍ അതില്‍ നാലില്‍ ഒന്ന് സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ ആണെന്ന് എടുത്താല്‍ ജനസഖ്യയില്‍ 3% വരുന്നവര്‍ക്ക് വേണ്ടിയാണ് 10% തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നത് . ഇനി ജനസഖ്യയില്‍ 11% വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മുഴുവനായും ലഭിക്കുന്ന സംവരണം നോക്കിയാല്‍ 12% മാത്രമാണ്. അതായത് ദളിതര്‍ക്ക് തുല്യമായ സംവരണം സവര്‍ണ്ണ സമുദായത്തിന് ലഭിക്കുന്നു. സംവരണത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളെ പോലും തകര്‍ക്കുന്ന നീക്കമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. സംവരണം ചെയ്യപ്പെടുന്ന 10% തസ്തികകള്‍ ജനറല്‍ വിഭാഗത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി ലഭിക്കേണ്ടവയാണ് എന്നതും മറന്നുകൂടാ. ദേവസ്വംബോര്‍ഡ്ല്‍ നിലവില്‍ 80ശതമാനത്തോളം ജീവനക്കാര്‍ സവര്‍ണ്ണ ജാതികളില്‍ നിന്ന് തന്നെയാണ് എന്നാണു പുറത്തുവരുന്ന വിവരാവകാശ രേഖകളില്‍ നിന്നും മനസിലാക്കുന്നത്‌. അതായത് ആനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തിന്റെ ഏഴോ എട്ടോ മടങ്ങ്‌ അധികം . ആ വിഭാഗത്തിന് വേണ്ടി വീണ്ടും 10% തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നു എന്നത് മറ്റു സമുദായങ്ങള്‍ക്ക് നേര്‍ക്കുള്ള കടുത്ത അനീതിയാണ്.

ഇതിനെ ലളിതമായി ഒരു ഉദാഹരണത്തില്‍ കൂടി പരിശോധിക്കാം. നിറഞ്ഞുകൊണ്ടിരിക്കുന്ന രണ്ടു പാത്രങ്ങളില്‍ നിലവില്‍ ഒന്നില്‍ 80% വെള്ളവും മറ്റൊന്നില്‍ 5% വെള്ളവും ഉണ്ട് . ഈ രണ്ടു പാത്രങ്ങളിലെയും വെള്ളം തുല്യ അളവില്‍ ആക്കുക എന്ന ലക്ഷ്യത്തില്‍ കുറവുള്ള പാത്രത്തിലേക്ക് കൂടുതല്‍ വെള്ളം നല്‍കുന്ന പ്രോസസ് ആണ് സംവരണം .അപ്പോള്‍ കൂടുതലുള്ള പാത്രത്തിനു കൂടി കുറവുള പാത്രത്തിനു കൂടി പോകുന്ന ജനറല്‍ പൈപ്പില്‍ ഇന്നും എടുത്തു അതേ അളവില്‍ കൂടുതല്‍ വെള്ളം നല്‍കിയാല്‍ പാത്രങ്ങള്‍ ഒരു കാലത്തും തുല്യ അളവില്‍ എത്തില്ല എന്ന് മാത്രമല്ല കുറവുള്ള പാത്രത്തിന്‍റെ കൂടുതല്‍ ഉള്ളതുമായുള്ള വിടവ് ക്രമേണ കൂടുകയും ചെയ്യും.

സംവരണത്തെ ഇടതുപക്ഷം സമീപിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടുന്നത് അവിടെയാണ്. ജാതികള്‍ക്കുള്ളില്‍ വര്‍ഗ്ഗം ഉണ്ട് എല്ലാ ജാതികളിലെയും സമാന വര്‍ഗ്ഗങ്ങളെ പൊതുവായി ഒരു വര്‍ഗ്ഗമായി പരിഗണിക്കുകയും അവരുടെ സാമൂഹിക ഉന്നമനത്തെ വര്‍ഗ്ഗപരമായി നോക്കി കാണുകയും ചെയ്യുന്നതാണ് സംവരണത്തില്‍ ഇടതുപക്ഷ രീതി. സാമുദായിക സമത്വത്തെയും സാമ്പത്തിക സമത്വത്തെയും പരസ്പര പൂരകങ്ങളായി ഇടതുപക്ഷം പരിഗണിക്കുന്നു. ഒരേ മേഖലയിലെ തൊഴിലാളിയായ ബ്രാഹ്മണനും ദളിതനും ഒരേ ചൂഷണവും അസമത്വവുമാണ് നേരിടുന്നത് എന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത് . അതുകൊണ്ട് തന്നെ മുന്നോക്ക ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സംവരണം നല്‍കണം അതിനുവേണ്ടി ഭരണഘടനാ ഭേദഗതി നടത്തണം എന്നത് ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിതനയവും തിരഞ്ഞെടുപ്പ് വാഗ്ദാനവുമാണ്. 2003ല്‍ സിപിഎംന്‍റെ കേരള സംസ്ഥാന കമ്മറ്റി ഇതേ നിലപാടില്‍ പ്രമേയം പാസാക്കുകയും ചെയ്തു.

ഒരേ തൊഴില്‍ ചെയ്യുന്ന ദളിതനായ തൊഴിലാളിയും ബ്രാഹ്മണനായ തൊഴിലാളിയും നേരിടുന്ന ബൂര്‍ഷ്വാ സാമ്പത്തിക ചൂഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയിരിക്കും. ആ അര്‍ത്ഥത്തില്‍ അവരെ ഒരു വര്‍ഗ്ഗമായി കാണുകയും വര്‍ഗ്ഗപരമായി അതിനെ സമീപിക്കുകയും ചെയ്യാം എന്നാല്‍ അവര്‍ നേരിടുന്ന സാമ്പത്തിക അസമത്വത്തിന്റെ കാരണങ്ങള്‍ പോലും വര്‍ഗ്ഗപരം മാത്രമല്ല. ഇന്ത്യയില്‍ സമ്പത്തിന്‍റെയോ ഭൂമിയുടെയോ വിതരണം വര്‍ഗ്ഗപരമായി നടന്നിരുന്ന ഒന്നല്ല . അവര്‍ രണ്ടാളും കയ്യാളുന്ന സ്വകാര്യ സ്വത്തില്‍ ജാതിക്കു കൃത്യമായ പങ്കുണ്ട്. ബ്രാഹമാനായ തൊഴിലാളിക്ക് ലഭിക്കുന്ന പാരമ്പര്യ സ്വത്ത്‌ ദളിതനായ തൊഴിലാളിക്ക് ഉണ്ടാകില്ല. സാമൂഹിക അസമത്വത്തിന്റെ കാര്യം അതിനും മുകളിലാണ് അതിനെ ഒരിക്കലും വര്‍ഗ്ഗപരമായി കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ സാമൂഹിക അസമത്വത്തിന്റെ ആദ്യത്തെയും അവസാനത്തെയും കാരണം ജാതിയാണ് എന്ന സത്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് സാമൂഹിക സമത്വം ഉണ്ടാക്കാം എന്നത് ഉട്ടോപ്യന്‍ സ്വപ്നമാണ്.

ജാതിക്കുള്ളിലെ വര്‍ഗ്ഗങ്ങളെ വേര്‍തിരിച്ചു അവരുടെ സാമൂഹിക സാമ്പത്തിക സമത്വം ഒറ്റ പ്രശ്നമായി കണ്ടുകൊണ്ടു ഇടതുപക്ഷം സംവരണത്തെ സമീപിക്കുന്നത് യാതാര്ത്യങ്ങള്‍ക്ക് നേര്‍ക്ക്‌ കണ്ണടച്ചുകൊണ്ടാണ്. സാമ്പത്തിക അസമത്വത്തെയും സാമൂഹിക അസമത്വത്തെയും രണ്ടു പ്രശ്നമായി സമീപിക്കുകയും രണ്ടു തരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകുകയും വേണം . ഇവ രണ്ടും ഒന്നായി കണ്ടുകൊണ്ട് സംവരണ വിഷയത്തില്‍ ഇടതുപക്ഷം രൂപപ്പെടുത്തുന്ന നിലപാടുകള്‍ രാജ്യത്തൊട്ടാകെ ഉള്ള അടിച്ചമര്‍ത്തപ്പെട്ട ദളിത്‌ പിന്നോക്ക വിഭാഗ മുന്നേറ്റങ്ങളെ പിറകോട്ടടിക്കും എന്നതില്‍ തര്‍ക്കമില്ല. രാജ്യം ഹിന്ദുത്വ ഭീകരതയുടെ കരങ്ങളില്‍ ഞെരിഞ്ഞമരുമ്പോള്‍ ഈ മുന്നേറ്റങ്ങളുടെ നേതൃനിരയില്‍ നില്‍ക്കാനുള്ള ചരിത്രപരമായ കര്‍ത്തവ്യം കൂടി ഇടതുപക്ഷത്തിനു നിറവേറ്റാനുണ്ട് എന്നത് മറന്നുകൂടാ.