രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തേക്ക്: സ്ഥാനാരോഹണം ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ്

single-img
19 November 2017

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ ഔപചാരികമായി തെരഞ്ഞെടുക്കുന്നതിന്റെ സമയം തീരുമാനിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി തിങ്കളാഴ്ച ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10ജന്‍പഥില്‍ രാവിലെ 10.30നാണ് സുപ്രധാന പ്രവര്‍ത്തകസമിതി യോഗം.

നിലവില്‍ രാഹുലിന് എതിരായി മത്സരിക്കാന്‍ ആരും തയ്യാറാവില്ലെന്നാണ് കരുതുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് ഏകകണ്‌ഠ്യേനയാകും. സോണിയയുടെ നേതൃത്വത്തിലുള്ള അവസാനത്തെ പ്രവര്‍ത്തക സമിതിയോഗമാകുമെന്ന് NDTV റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവിയിലിരിക്കുന്നയാളാണ് സോണിയ.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകൂ എന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നത്. എന്നാല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ വിഷയമുള്‍പ്പെടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത് എന്നാണ് കരുതുന്നത്.

കോണ്‍ഗ്രസിന്റെ തലപ്പത്ത് യുവാക്കളുടെ പ്രതിനിധിയായി രാഹുലിനെ പ്രതിഷ്ഠിച്ച് കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. അതേസമയം രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷനായി നിയമിക്കുമെന്നും അഭ്യൂഹമുണ്ട്.

അങ്ങനെയെങ്കില്‍ മുതിര്‍ന്ന പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവിയിലേയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെയും ആരോഗ്യസ്ഥിതി മോശമായത് എ.കെ ആന്റണിയിലേയ്ക്ക് എല്ലാം കണ്ണുകളും ഉടക്കുന്നു.

നാളെ നടക്കുന്ന പ്രവര്‍ത്തകസമിതിയുടെ യോഗത്തില്‍ എ.കെ ആന്റണിക്കു പുറമെ, കെ.സിവേണുഗോപാല്‍, പി.സി. ചാക്കോ എന്നിവരും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ കാലാവധി അടുത്ത മാസം അവസാനിക്കും. പത്രിക സമര്‍പ്പിക്കല്‍, പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന, സാധുവായ പത്രികകള്‍ അംഗീകരിക്കല്‍, വോട്ടെടുപ്പു ദിനം തീരുമാനിക്കല്‍, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം ഉള്‍പ്പെട്ടതാണു തിരഞ്ഞെടുപ്പ് പ്രക്രിയ.

70കാരിയായ സോണിയ കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സജീവമായി പ്രവര്‍ത്തന രംഗത്തില്ല. ഒന്നിലേറെ തവണ ചികിത്സക്കായി ആമേരിക്കക്ക് പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം രാഹുലിനെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തണമെന്ന തീരുമാനത്തിലെത്തിയത്. രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയ വനവാസത്തിലായിരുന്ന സോണിയാ ഗാന്ധി പാര്‍ട്ടി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 1998 ലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.