കാട്ടുപന്നിയിറച്ചി കഴിച്ച മലയാളി കുടുംബം ഒരാഴ്ചയായി അബോധാവസ്ഥയിൽ

single-img
19 November 2017

ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ അബോധാവസ്ഥയില്‍. കൊല്ലം കൊട്ടാരക്കര നീലേശ്വരം ഷിബുസദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവരാണ് വൈകാടോയിലെ ആസ്പത്രിയിൽ ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിയുന്നത്.

ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. ന്യൂസിലന്‍ഡിന്റെ വടക്കന്‍ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്.

ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷിബുവും കൂട്ടുകാരും ഇടയ്ക്ക് വേട്ടയ്ക്കു പോകാറുണ്ടെന്ന് ഇവരുടെ സുഹൃത്ത് സോജൻ ജോസഫിനെ ഉദ്ധരിച്ച് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു. ന്യൂസീലൻഡിൽ വേട്ട നിയമവിരുദ്ധമല്ല. വേട്ടയാടിക്കൊണ്ടുവന്ന ഇറച്ചി, കുടുംബം നവംബർ 10-ന് അത്താഴത്തിനു കഴിച്ചു. 15 മിനിറ്റിനകം ഛർദി തുടങ്ങി. അരമണിക്കൂറിനകം മൂന്നുപേരും അവശരായി. ഷിബു ആംബുലൻസ് സേവനത്തിനായി ഫോൺ ചെയ്തു.

സംസാരിക്കുന്നതിനിടെ ഇദ്ദേഹവും കുഴഞ്ഞുവീണു. ആംബുലൻസ് എത്തി മൂവരെയും വൈകടോ ആസ്പത്രിയിലാക്കി. ഏഴും ഒന്നും വയസ്സുള്ള കുട്ടികളുണ്ട് ഇവർക്ക്. കുടുംബം അത്താഴം കഴിക്കുമ്പോൾ കുട്ടികൾ ഉറക്കമായിരുന്നു. കുട്ടികൾ ഇപ്പോൾ ഹാമിൽട്ടൺ മാർത്തോമ പള്ളിയുടെ സംരക്ഷണത്തിലാണ്.

വിഷബാധ പൂർണമായി നീങ്ങി ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന്‌ ഡോക്ടർമാർ സൂചിപ്പിച്ചതായി സുഹൃത്ത് ജോജി വർഗീസ് ‘ന്യൂസീലൻഡ് ഹെറാൾഡി’നോട് പറഞ്ഞു. ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്.

രണ്ടുമാസം മുമ്പ് വിസിറ്റിങ് വിസയിലാണ് ഏലിക്കുട്ടി ന്യൂസീലൻഡിലെത്തിയത്. ഇവർക്ക് ന്യൂസീലൻഡിലെ മെഡിക്കൽ ഇൻഷുറൻസ് ഇല്ല. കുടുംബത്തിന്റെ സുഹൃത്തുക്കൾ ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഏലിക്കുട്ടിയുടെ ഇളയമകൾ ഷീനയും സുബിയുടെ സഹോദരനും ഞായറാഴ്ച ന്യൂസീലൻഡിലേക്ക്‌ പുറപ്പെടും. ഇവര്‍ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.