മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത: ‘മോദി ഏകാധിപതി’

single-img
19 November 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത. 2002ലെ ഗോദ്ര ട്രെയിന്‍ കത്തിക്കലിനെ കലാപമാക്കി വളര്‍ത്തിയെടുക്കാന്‍ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടത് മോദിയാണെന്നു സുരേഷ് മെഹ്ത പറയുന്നു.

2002ല്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുരേഷ് മേഹ്ത. ഗുജറാത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായിരുന്ന സുരേഷ് മേഹ്ത 2007ലാണ് മോദിയോട് കലഹിച്ച് ബിജെപി വിട്ടത്. ഗുജറാത്തിലെ വികസനമാതൃക പൊള്ളയാണെന്നാരോപിച്ച് ഈതെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനമൊട്ടാകെ സേവ് ഡെമോക്രസിയെന്നപേരില്‍ പ്രചാരണം നടത്തുകയാണ് മെഹ്ത.

ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് മേഹ്ത മോദിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മോദി ഏകാധിപതിയാണ്. ഗുജറാത്തില്‍ പതിറ്റാണ്ടായി നടത്തുന്ന ഏകാധിപത്യ ഭരണമാണ് പ്രധാനമന്ത്രി ആയപ്പോഴും മോദി തുടരുന്നതെന്നും സുരേഷ് മേഹ്ത പറഞ്ഞു.

ആളുകളെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയതില്‍ മോദിക്ക് പങ്കുണ്ട്. ഏത് വാചകങ്ങള്‍ ഏത് അര്‍ത്ഥത്തില്‍ എപ്പോള്‍ പ്രയോഗിക്കണമെന്ന് മോദിക്ക് നന്നായി അറിയാം. എതിര്‍ക്കുന്നവരെ അദ്ദേഹം അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും മേഹ്ത പറഞ്ഞു.