തര്‍ക്കങ്ങളുടെ പേരില്‍ ഇടതുമുന്നണി തകരുമെന്ന് ആരും മോഹിക്കേണ്ടെന്ന് കോടിയേരി

single-img
19 November 2017

പാലക്കാട്: തര്‍ക്കങ്ങളുടെ പേരില്‍ ഇടതുമുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം സി.പി.ഐ തര്‍ക്കം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കോടിയേരി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ട. പരിഹരിക്കാന്‍ കഴിയാത്ത യാതൊരു പ്രശ്‌നങ്ങളും ഇടതുമുന്നണിയില്‍ ഇല്ല. സി.പി.ഐയോട് പറയേണ്ടത് തങ്ങള്‍ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്ക് പറയാനുള്ളത് അവരും പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയാണ് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.