ഭയപ്പെടേണ്ടതില്ല, മോദി ഇവിടെയുണ്ട്; മുസ്ലിങ്ങളെ ഭയപ്പെടണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

single-img
19 November 2017

മുസ്ലിങ്ങളെ ഭയപ്പെടണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി സ്വെയിനാണ് വീഡിയോയുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് ഉത്തരവിട്ടത്.

മുസ്ലിങ്ങളെ ഭയപ്പെടണമെന്ന സന്ദേശം നല്‍കുന്ന പുതിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ബാങ്കുവിളി കേട്ട് ഭയന്നോടുന്ന പെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മുസ്ലിങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്ന വീഡിയോ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.സ്വെയ്ന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വീഡിയോയില്‍ അഭിനയിച്ചവരെ കണ്ടെത്തിയാല്‍ പ്രതികളെ പിടികൂടുന്നത് എളുപ്പമാകുമെന്ന് പരാതിക്കാരന്‍ പറയുന്നു.

ഗുജറാത്തില്‍ വൈകിട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ചു തുടങ്ങുന്ന വീഡിയോയ്ക്കു 75 സെക്കന്‍ഡ് ദൈര്‍ഘ്യമാണുള്ളത്. ഒരു പെണ്‍കുട്ടി റോഡിലൂടെ അതിവേഗത്തില്‍ ഭയപ്പെട്ട് നടക്കുന്നു. ബാങ്കുവിളിയോടു സാമ്യമുള്ള ശബ്ദമാണ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്.

അവളുടെ മാതാപിതാക്കള്‍ ഉത്കണ്ഠയോടെ വീട്ടില്‍ കാത്തിരിക്കുന്നതും കാണിക്കുന്നു. രക്ഷിതാക്കളുടെ പിറകില്‍ കൃഷ്ണ വിഗ്രഹവും ദൃശ്യങ്ങളില്‍ കാണാം. വീട്ടിലെത്തിയ അവള്‍ കോളിംഗ് ബെല്ലടിക്കുന്നു. അമ്മ വാതില്‍ തുറന്നപ്പോള്‍ ഉടന്‍ അവരെ കെട്ടിപ്പിടിക്കുന്നു. അച്ഛന്‍ അവളെ ആശ്വസിപ്പിക്കുന്നതിനായി നെറുകയില്‍ തലോടുന്നതും കാണാം.

തുടര്‍ന്ന് അമ്മയുടെ ചോദ്യം: ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുമോ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പതിവായിരുന്നുവെന്നും അവര്‍ വന്നാല്‍ ഇത് വീണ്ടും സംഭവിക്കുമെന്നുമായിരുന്നു അച്ഛന്റെ. മറുപടി. ഭയപ്പെടേണ്ടതില്ല, മോദി ഇവിടെയുണ്ട്. ആരും വരില്ലെന്നും പറഞ്ഞ് മകളെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ഗുജറാത്ത് ബി.ജെ.പി സാമൂഹിക മാധ്യമ വിഭാഗം നിഷേധിച്ചിരുന്നു.

https://www.youtube.com/watch?v=RsXoBuZN5BY