ആധാര്‍ വിവരങ്ങള്‍ ലീക്കായെന്ന് സമ്മതിച്ച് യുഐഡിഎഐ: 210 വെബ്‌സൈറ്റുകള്‍ വഴി ആധാര്‍ വിവരങ്ങള്‍ പുറത്തായി

single-img
19 November 2017

ന്യൂഡല്‍ഹി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇരുന്നൂറിലധികം വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായി സമ്മതിച്ച് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ ഉടമകളില്‍ ചിലരുടെ പേരും വിലാസവുമൊക്കെയാണ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ വന്നത്.

വിവരം അറിഞ്ഞതിനു പിന്നാലെ വെബ്‌സൈറ്റുകളില്‍നിന്ന് ഇവ നീക്കം ചെയ്തുവെന്നും വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ യുഐഡിഎഐ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് യുഐഡിഎഐ വ്യക്തമാക്കിയില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ ഏകദേശം 210 കേന്ദ്ര സംസ്ഥാന വിഭാഗങ്ങളുടെ വെബ്‌സൈറ്റുകളിലാണ് ആധാര്‍ നമ്പറും പേരും വിലാസവുമടക്കമുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് യുഐഡിഎഐ പറയുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കി വെയ്ക്കാന്‍ യുഐഡിഎഐക്ക് വളരെ ശക്തവും നൂതനവുമായി സുരക്ഷാ സംവിധാനങ്ങളാണുളളത്.

തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടേയും നിയന്ത്രണങ്ങളിലൂടേയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും യുഐഡിഎഐ പ്രതികരിച്ചു. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായിട്ടാണ് 12 അക്ക നമ്പറുള്ള ആധാര്‍ നല്‍കിയിരിക്കുന്നത്.