പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍: ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവ ആധാറുമായി ബന്ധിപ്പിക്കേണ്ട

single-img
18 November 2017

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവിന്‍റെ പേരില്‍ പ്രവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന പാരതി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ഉള്‍പ്പെടെ അര്‍ഹമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കുലറിൽ പറയുന്നു.

വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും താമസ സ്ഥലത്തിന്റെ രേഖ സമര്‍പ്പിക്കുന്നവര്‍ക്കുമാണ് ആധാറിന് അര്‍ഹതയുളളത്. അതു കൊണ്ട് തന്നെ എന്‍ആര്‍ഐ, ഇന്ത്യന്‍ വംശജര്‍, വിദേശത്തുള്ള ഇന്ത്യന്‍ പൌരന്‍മാര്‍ തുടങ്ങിയവരില്‍ ഭൂരിഭാഗം പേരും ആധാറിന് അര്‍ഹരല്ല. ഇ സാഹചര്യത്തില്‍ ഇവര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ക്കും പാന്‍കാര്‍ഡിനും മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനൂകൂല്യങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കരുത്.

തിരിച്ചറിയല്‍ രേഖയായി പ്രവാസികളോട് ആധാര്‍ ആവശ്യപ്പെടരുതെന്നും UIDAI സര്‍ക്കുലറിലുണ്ട്. പ്രവാസികളാണ് എന്ന കാര്യം തെളിക്കുന്ന രേഖകകള്‍ കൃത്യമായി പരിശോധിക്കാന്‍ സംവിധാനം ഒരുക്കണമെന്നും UIDAI സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.‌ കേന്ദ്രത്തിലെ വിവിധ മന്ത്രലയങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുമാണ് ഇതു സംബന്ധിച്ച നിര്‍‌ദ്ദേശം കൈമറിയിരിക്കുന്നത്.