നികുതി വെട്ടിപ്പ്; അമലാ പോളിനും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്

single-img
18 November 2017

തിരുവനന്തപുരം: നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമലാ പോളിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. പരാതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമല പോള്‍ തായ്ലാന്റിലാണെന്നായിരുന്നു മറുപടി.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം.

ഫഹദും അമലയും ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആഢംബര കാറിന്റെ രജിസ്‌റ്റ്രേഷനു വേണ്ടി വ്യാജരേഖ ചമച്ചെന്നാണ് താരങ്ങള്‍ക്കെതിരായ പരാതി. ഇതിനായി പോണ്ടിച്ചേരിയില്‍ വ്യാജ വാടക കരാര്‍, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ഉണ്ടാക്കിയെന്ന് നേരത്തെ വ്യക്തമായിരുന്നു.

അമലയ്ക്കും ഫഹദിനും പുറമെ നടനും എം.പിയുമായ സുരേഷ് ഗോപിയ്ക്കെതിരേയും പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്നാല്‍ പോണ്ടിച്ചേരിയിലെ ഫ്ളാറ്റ് ഉപയോഗിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.