അമ്മയുടെ കണ്ണീരിനു മുന്നില്‍ ലഷ്‌കര്‍ ഭീകരന്‍ കീഴടങ്ങി

single-img
18 November 2017

ശ്രീനഗര്‍: അമ്മയുടെ കണ്ണീരിനു മുന്നില്‍ ലഷ്‌കര്‍ ഭീകരന്‍ കീഴടങ്ങി. അമ്മമാരുടെ കണ്ണീരിന് മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്നാണ് പറയുക. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന കോളെജ് വിദ്യാര്‍ഥിയ ശ്രീനഗറില്‍ കീഴടങ്ങിയത്. അനന്ത്‌നാഗ് സ്വദേശിയായ മജിദ് അര്‍ഷിദാണ് വ്യാഴാഴ്ച രാത്രി ദക്ഷിണ കശ്മീരിലെ സുരക്ഷാ ക്യാംപിലേക്കെത്തി ആയുധങ്ങള്‍ വച്ച് കീഴടങ്ങിയതായി അറിയിച്ചത്.

ലഷ്‌കറില്‍ ചേര്‍ന്ന മജീദിനെ തിരിച്ചു കൊണ്ടു വരുന്നതിനായുള്ള നിരന്തരമായ ശ്രമത്തിലായിരുന്നു പൊലീസ്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയിലൂടെയും ടെലിവിഷനിലൂടെയും നിരവധി വിഡിയോകളും പുറത്തു വിട്ടിരുന്നു. മജീദിന്റെ അമ്മ കരഞ്ഞു കൊണ്ട് മകനോട് തിരിച്ചു വരാന്‍ ആവശ്യപ്പെടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഡിയോയാണ് മജീജിന്റെ മനസു മാറ്റിയത്.

20കാരനായ മജീദിനെ സൈന്യം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയെന്നാണ് വിവരം. അനന്ത്‌നാഗിലെ പ്രാദേശിക ഫുട്‌ബോള്‍ടീമിലെ ഗോള്‍കീപ്പറായിരുന്ന മജീദ് അടുത്ത സുഹൃത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് ഭീകരവാദത്തിലേക്ക് തിരിഞ്ഞത്.

മഅതേസമയം മജീദ് കീഴടങ്ങിയതിനു പിന്നാലെ ഭീകരവാദത്തിലേക്ക് തിരിഞ്ഞ എല്ലാവരെയും അമ്മമാര്‍ തിരിച്ചു വിളിക്കണമെന്ന് കശ്മീര്‍ ഡിജിപി എസ്. പി. വൈദ് അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഭീകരവാദത്തിലേക്ക് തിരിയുമ്പോള്‍ അവരുടെ കുടുംബമാണ് ഏറ്റവുമധികം യാതനകള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.