തോമസ് ചാണ്ടി വിഷയത്തില്‍ തനിക്ക് വ്യത്യസ്ഥമായ നിലപാടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ ഇ ഇസ്മയില്‍

single-img
18 November 2017

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ തനിക്ക് വ്യത്യസ്ഥമായ നിലപാടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞുവെന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ തോമസ് ചാണ്ടി രാജിവയക്കണമെന്ന അഭിപ്രായമാണ് തനിക്കുണ്ടായിരുന്നതെന്നും എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യവത്തായ രാഷ്ട്രീയ നിലപാടുകള്‍ക്ക് കോട്ടം വരാന്‍ പാടില്ല എന്നതാണ് തന്റെയും നിലപാടെന്നും ഇസ്മയില്‍ വ്യക്തമാക്കി. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടപ്പോഴും രാജി എന്ന ആവശ്യത്തോട് ചാണ്ടിയും എന്‍സിപിയും അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഉണ്ടായ കോടതി വിധി സാഹചര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു മന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് തീര്‍ത്തും അസാധാരണം തന്നെയാണെന്നും ഇതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നും വ്യത്യസ്ഥമായ നിലപാട് എനിക്കുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഈ വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ താന്‍ വിശദമാക്കിയതാണെന്നും എന്നാല്‍ ചില മാധ്യമങ്ങള്‍ തന്റെ പ്രതികരണം വളച്ചൊടിച്ചൊടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല എന്നു താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നപ്പോള്‍ ഒട്ടും വൈകാതെ രാജി ഉണ്ടായി എന്ന് പറഞ്ഞതിനെയാണ് ഈ വിധം ദുര്‍വ്യാഖ്യനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നത് കമ്മ്യണിസ്റ്റുകാരന്റെ കടമയാണെന്നും ആ ബോധം തനിക്കുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടി സഖാക്കളുടെ ചിന്ത തന്നെയാണ് തന്റെയും ചിന്ത, അവരുടെ വികാരമാണെനിക്കും. പാര്‍ട്ടി നിലപാടില്‍ നിന്നും വിരുദ്ധമായ നിലപാട് തനിക്കുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും എന്ന വിശ്വാസം തനിക്കുണ്ടെന്നും കെഇ ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.