തിരുവനന്തപുരം നഗരസഭയില്‍ കയ്യാങ്കളി;മേയർ വി.കെ. പ്രശാന്ത് ആശുപത്രിയില്‍

single-img
18 November 2017

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം- ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബഹളത്തിനിടയില്‍ പെട്ട് മേയര്‍ വി.കെ പ്രശാന്തിന് പരുക്കേറ്റു. അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. എം.പി ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി വേണ്ടെന്ന മേയറുടെ നിലപാടിന് പിന്നാലെയാണ് തര്‍ക്കം ആരംഭിച്ചത്.ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബി.ജെ.പിക്കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇടതു കൗൺസിലർമാർ ആരോപിക്കുന്നു. എന്നാൽ മേയറെ ആക്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.

 

മേയറെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: സാരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. തലയ്ക്ക് പരുക്കേറ്റ മേയര്‍ക്ക് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്ക് പരുക്കേറ്റതിനാല്‍ കാലില്‍ പ്ലാസ്റ്ററും കഴുത്തില്‍ കോളറുമിട്ടിട്ടുണ്ട്. അള്‍ട്രാ സൗണ്ട് പരിശോധനയും സി.ടി. സ്‌കാന്‍ പരിശോധനയും നടന്നു വരുന്നു.

അതേസമയം മേയറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

കൗണ്‍സിലര്‍മാരായ റസിയാബീഗം (50), സിന്ധു (46), മേയറുടെ സഹായി ബി. മോഹന്‍ (48) എന്നിവര്‍ സാരമായ പരുക്കുകളോടെ ചികിത്സയിലാണ്.