ജനനേന്ദ്രിയം ഛേദിച്ച കേസ്:ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ഇരുവരും കോടതിയിൽ

single-img
18 November 2017


കൊച്ചി: കുറ്റിപ്പുറത്തു ഹോട്ടല്‍ മുറിയില്‍ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഉള്‍പെട്ട യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ഹൈക്കോടതിയില്‍. യുവാവ് തന്റെ ഭര്‍ത്താവാണെന്നും ഭര്‍തൃവീട്ടുകാര്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹേബിയസ് ഹര്‍ജിയില്‍ യുവതിക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് യുവാവു കോടതിയെ അറിയിക്കുകയായിരുന്നു.
കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഇരുവരും മുറി എടുത്ത് താമസിക്കുന്നതിനിടെയാണ് പുറത്തൂര്‍ സ്വദേശിയായ യുവാവിന് ജനനേന്ദ്രീയത്തില്‍ മുറിവേറ്റത്. സെപ്റ്റംബര്‍ 21നായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനു യുവതി ജനനേന്ദ്രിയം മുറിച്ചെന്നാണു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം ഹേബിയസ് ഹര്‍ജി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഒരു ഖാസിയുടെ നേതൃത്വത്തില്‍ വിവാഹം കഴിഞ്ഞുവെന്നാണ് യുവതി ബോധിപ്പിച്ചിരിക്കുന്നത്. പിന്നാലെ യുവാവ് കുവൈത്തിലേയ്ക്ക് പോയി. തിരികെ വീണ്ടും നാട്ടില്‍ തിരിച്ചെത്തിയപ്പോളാണ് ഇരുവരും കുറ്റിപ്പുറത്ത് ലോഡ്ജ് എടുത്ത് താമസിച്ചത്. അതിനിടയില്‍ ഇപ്പോഴും വീട്ടുകാര്‍ ഈ വിവാഹത്തിന് എതിര്‍പ്പ് മാറിയില്ലെന്ന് യുവാവ് പറഞ്ഞതോടെ മനോവിഷമത്തില്‍ ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങുന്നതിനിടെ തനിക്ക് മുറിവേല്‍ക്കുകയായിരുന്നുവെന്ന് യുവാവ് കോടതിയില്‍ അറിയിച്ചു.