ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ ഉത്തരകൊറിയ

single-img
17 November 2017

സോള്‍: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നതായി യുഎസ്. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്കു പിന്നാലെ ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തര്‍വാഹിനി നിര്‍മ്മാണം തകൃതിയായി നടക്കുന്നുവെന്ന് യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ അഞ്ചിനെടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതമാണു റിപ്പോര്‍ട്ട്. സിന്‍പോസി ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാകാം നിര്‍മ്മിക്കുന്നതെന്ന് 38 നോര്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തര്‍വാഹിനിയുടെ ഭാഗങ്ങളും ഘടകങ്ങളും തുറമുഖത്തിനു മധ്യഭാഗത്തായുള്ള നിര്‍മ്മാണ ഹാളിനകത്തേക്കും പുറത്തേക്കും നിരന്തരം കൊണ്ടുപോയിട്ടുണ്ട്.

നവംബര്‍ അഞ്ചിലെ ചിത്രത്തില്‍ വൃത്താകൃതിയിലുള്ള രണ്ട് വലിയ വസ്തുക്കളാണുള്ളത്. അന്തര്‍വാഹിനിയുടെ പ്രധാന ഭാഗമാണിതെന്നാണ് നിഗമനം. ഉത്തരകൊറിയയുടെ റോമിയോ ക്ലാസ് അന്തര്‍വാഹിനിയില്‍ ഉള്ളതിനേക്കാളും വലുതാണിവയെന്നും അന്തര്‍വാഹിനിയില്‍ നിന്നു മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അന്തര്‍വാഹിനിയില്‍ നിന്നു മിസൈല്‍ തൊടുക്കുന്ന പരീക്ഷണത്തിനുള്ള തയാറെടുപ്പുകളൊന്നും നടക്കുന്നതായി കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. യുഎസില്‍ എത്തുന്ന തരത്തില്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തര കൊറിയ. ഇതിനെതിരെ രാജ്യാന്തര തലത്തില്‍തന്നെ വലിയ വിമര്‍ശനങ്ങളാണുയരുന്നത്. പുതിയ ഡീസല്‍ വൈദ്യുത അന്തര്‍വാഹിനിയുടെ പണിപ്പുരയിലാണ് ഉത്തര കൊറിയയെന്ന് നേരത്തെ തന്നെ യുഎസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.