ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മയും അറസ്റ്റില്‍

single-img
17 November 2017


അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റമാരോപിച്ചാണ് റിച്ചാര്‍ഡ്‌സണ്‍ പോലീസ് സിനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ സ്വന്തം മകളും, ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റ് വാറണ്ടില്‍ പോലീസ് പറയുന്നു.

ഒന്നരമണിക്കൂറോളം നേരം ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു. മാതാപിതാക്കള്‍ തിരികെയെത്തുമ്പോഴും അവള്‍
അടുക്കളയില്‍ത്തന്നെയായിരുന്നു എന്നും വാറണ്ടില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് ഷെറിന്റെ മരണം സംഭവിച്ചതെന്ന് വാറണ്ടില്‍ സൂചിപ്പിച്ചിട്ടില്ല.

എന്നാല്‍ കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണു സിനി പൊലീസിന് മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞിരുന്നു.

എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറിലെ മദര്‍ തെരേസ അനാഥ് സേവാ ആശ്രമത്തില്‍ നിന്നു ദത്തെടുത്ത ഷെറിനെ ഒക്ടടോബര്‍ ഏഴിനാണ് കാണാതാവുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്റേണതെന്നു കരുതുന്ന മൃതദേഹം വീട്ടില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തി. കുഞ്ഞിനെ കാണാതായതിനു പിന്നാലെ വെസ്‌ലിയെ അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടരലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി.

വളര്‍ച്ചാപ്രശ്‌നം നേരിടുന്ന കുട്ടി പാലു കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്തുനിര്‍ത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്‌ലി പോലീസിന് നല്‍കിയ ആദ്യ മൊഴി. പിന്നീട് ഷെറിന്റെ മൃതദേഹം കണ്ടെത്തിയശേഷമാണ് വെസ്‌ലി മൊഴി മാറ്റിയത്.

നിര്‍ബന്ധിച്ചു പാലു കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഷെറിന്‍ അപ്രത്യക്ഷയായതിനെത്തുടര്‍ന്ന് ദമ്പതികളുടെ നാലു വയസുള്ള മകളെ ശിശുസംരക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. ഇതിനുശേഷം ഈ കുഞ്ഞിനെ ബന്ധുവിനു താത്കാലികമായി വിട്ടുകൊടുക്കാന്‍ കോടതി അനുമതി കൊടുത്തിരുന്നു.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നെന്ന നിഗമനത്തിലാണു പൊലീസ്.