നെഹ്‌റുവിനെ ‘സ്ത്രീലമ്പടനാക്കിയ’ ബിജെപി വെട്ടിലായി: പ്രചരിപ്പിച്ചത് നെഹ്‌റുവും സഹോദരിയും തമ്മില്‍ ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍

single-img
17 November 2017

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിക്കുന്ന തരത്തിലുള്ള ബിജെപി ഐ.ടി സെല്‍മേധാവി അമിത് മാളവ്യയുടെ ട്വീറ്റ് വിവാദമാകുന്നു. പട്ടേല്‍ സമുദായനേതാവ് ഹാര്‍ദിക് പട്ടേലിനെ വിമര്‍ശിക്കാന്‍ വേണ്ടി നെഹ്‌റുവിന്റെ വ്യക്തി ജീവിതത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമിത് മാളവ്യ പ്രചരിപ്പിച്ചത്.

നെഹ്‌റു പ്രശസ്തരായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ഹാര്‍ദികിന് നെഹ്‌റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹാര്‍ദിക് പട്ടേലിനെതിരായി ലൈംഗീക സി.ഡി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് അമിത് മാളവ്യയുടെ ട്വീറ്റ്.

എന്നാല്‍ അമിത് മാളവ്യ പുറത്തുവിട്ട ചിത്രങ്ങളില്‍ ചിലത് നെഹ്‌റുവും സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും കൂടിയുള്ളതായിരുന്നു. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്‌റു ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്‌റുവിനെ അവര്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ് നെഹ്‌റു സ്ത്രീലമ്പടനാണെന്ന തരത്തില്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ അമിതിനു ബിജെപിപിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിജയലക്ഷമി പണ്ഡിറ്റിനെ കൂടാതെ അവസാനത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റണ്‍എഡ്വീന ദമ്പതികളുടെ മകള്‍ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.

സംഭവം വിവാദമായിട്ടും അമിത് മാളവ്യ തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഹര്‍ദിക്പട്ടേലിന്റെ നേതൃത്വത്തിലുള്ള പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഹര്‍ദികിന്റെതെന്ന പേരില്‍ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും ഹര്‍ദിക് പ്രതികരിച്ചിരുന്നു. ശനിയാഴ്ച ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ബിജെപി നേതാക്കളെ പിടിച്ചുലയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹര്‍ദിക് അറിയിക്കുകയും ചെയ്തിരുന്നു.