കവടിയാറിലെ വാഹനാപകടം മത്സരയോട്ടത്തിനിടെ: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
17 November 2017

കവടിയാറിലെ വാഹനാപകടം മത്സരയോട്ടം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കവടിയാറിലെ വാഹനാപകടം മത്സരയോട്ടം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Posted by Mathrubhumi on Friday, November 17, 2017

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ കവടിയാര്‍ വാഹനാപകടം മത്സര ഓട്ടത്തിനിടെയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. മത്സരയോട്ടം നടത്തിയ കാറുകളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

പുതിയ കാര്‍ വാങ്ങിയതിന് വഴുതക്കാട് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കൂട്ടുകാര്‍ക്ക് പാര്‍ട്ടി നടത്തിയ ശേഷമാണ് സംഘം വാഹനവുമായി റോഡിലേക്ക് ഇറങ്ങിയത്. ഹോട്ടലിന്റെ മുന്നില്‍ നിന്ന് മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് എത്താന്‍ ഒന്നേമുക്കാല്‍ മിനിറ്റു മാത്രമേ സംഘത്തിന് വേണ്ടി വന്നുള്ളൂ.

തുടര്‍ന്ന് വെള്ളയമ്പലത്തിന് സമീപം ഇരു കാറുകളും മറ്റൊരു വാഹനത്തെ ഇടതു വശത്തുകൂടി ഓവര്‍ടേക് ചെയ്യുന്ന ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. കാറുകള്‍ അമിത വേഗത്തിലായിരുന്നെന്നും മത്സരയോട്ടം നടത്തുകയായിരുന്നു എന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

കമ്മീഷണര്‍ ഓഫീസിനും പോലീസ് ആസ്ഥാനത്തിനും മുന്നിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോയത്. വാഹങ്ങള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിമിഷങ്ങള്‍ക്ക് മുമ്പ് ഇതേ റോഡില്‍ പോലീസ് വാഹനം കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ മത്സരയോട്ടമല്ലെന്നും ഒപ്പമുണ്ടായിരുന്ന കാറിനെക്കുറിച്ച് വിവരമില്ലെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ ഒപ്പം മത്സരിച്ചത് സ്വിഫ്റ്റ് ഡിസയര്‍ കാറാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അതേസമയം വാഹനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും തലസ്ഥാനത്തെ വ്യവസായ പ്രമുഖരുടെ മക്കളാണെന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങള്‍.

സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ് (24) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശില്‍പ്പ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷന്‍ നടത്തി റോഡിലിറക്കിയതാണ് കാര്‍.

ആദര്‍ശും ഗൗരിയും തിരുവനന്തപുരത്തെ ഒരു കോളേജില്‍ സഹപാഠികളായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റു പെണ്‍കുട്ടികളും ഇതേ കോളേജിലെ വിദ്യാര്‍ഥികളായിരുന്നെന്നും സൂചനയുണ്ട്. മത്സരയോട്ടത്തിന് പേരുകേട്ട റോഡാണ് കവടിയാര്‍വെള്ളയമ്പലം റോഡ്.

കടപ്പാട്: മാതൃഭൂമിന്യൂസ്