ദീപിക പദുകോണിന് വന്‍ സുരക്ഷയൊരുക്കി മുംബൈ പോലീസ്

single-img
17 November 2017

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന് വന്‍ സുരക്ഷയൊരുക്കി മുംബൈ പോലീസ്. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീ രാജ്പുത് കര്‍മസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ദീപികയ്ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.

നടിയുടെ വീട്ടിലും ഓഫീസിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുംബൈ പോലീസ് ജോയിന്റ് കമീഷണര്‍ അറിയിച്ചു. ദീപികയുടെ മൂക്ക് ചെത്തുമെന്നായിരുന്നു സേന നേതാവ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ വിവിധയിടങ്ങളില്‍ ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്.

ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജപുത് സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നും ഇവര്‍ ആരോപിച്ചു. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ രജപുത് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. അതിനിടെ, രാജസ്ഥാനിലെ കോട്ടയില്‍ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ രജപുത് കര്‍ണിസേന അടിച്ചു തകര്‍ത്തിരുന്നു.

ഡിസംബര്‍ ഒന്നിനാണ് പത്മാവതിയുടെ റിലീസ്. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്.