ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

single-img
17 November 2017

അലഹബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ ആദ്യഘട്ട പട്ടികയിലിടം പിടിച്ചിട്ടുണ്ട്. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്.

മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. നിതിന്‍ പട്ടേലിന് മെഹ്‌സാനയിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഖാനി ഭാവ്‌നഗര്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കും.

ബിജെപിക്ക് ജയസാധ്യത ഉറപ്പുള്ള മണ്ഡലമാണ് വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ്. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എ രാഘവ്ജി പട്ടേലിന് ജംനഗറില്‍ സീറ്റ് നല്‍കിയിട്ടുണ്ട്.

മുന്‍ കോണ്‍ഗ്രസ് നേതാക്കളായ രാംനീഷ് പര്‍മാര്‍, സി.കെ.റാലോജി എന്നിവരും ആദ്യഘട്ട ബിജെപി പട്ടികയിലുണ്ട്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 70ല്‍ ഏറെയും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെയാണ് മത്സരിക്കുക. ഡിസംബര്‍ ഏഴ് 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.