ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി

single-img
17 November 2017

ലഖ്‌നൗ: ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് രഞ്ജിത് കുമാര്‍ ശ്രീവാസ്തവ. ഉത്തര്‍ പ്രദേശിലെ ബരബന്‍കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രാദേശിക ബി.ജെ.പി നേതാവ് രഞ്ജിത് കുമാര്‍ ശ്രീവാസ്തവയുടെ ഭീഷണി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യയ്ക്ക് വോട്ട് പിടിക്കവെയാണ് ശ്രീവാസ്തവ ഭീഷണി മുഴക്കിയത്. ആദിത്യനാഥ് മന്ത്രി സഭയിലെ ദാരാ സിങ് ചൗഹാന്‍, രാമപതി ശാസ്ത്രീ എന്നീ മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി. നവംബര്‍ 13ന് നടന്ന യോഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ഇവിടെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരല്ല ഭരിക്കുന്നത്. നിങ്ങളുടെ നേതാക്കന്‍മാര്‍ക്കൊന്നും നിങ്ങളെ സഹായിക്കാനാകില്ല. റോഡുകളുടെയും ഇടവഴികളുടെയും ഓവുചാലുകളുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ ബോഡിയാണ് നിര്‍വഹിക്കുന്നത്. രഞ്ജിത് സാഹെബിന്റെ ഭാര്യക്ക് നിങ്ങള്‍ വോട്ടു ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വയം പ്രശ്‌നങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നിങ്ങളെ സഹായിക്കാനെത്തുകയില്ല.

ഇത് ബി.ജെ.പിയുടെ മേഖലയാണ്. ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അതിനാല്‍ മുസ്‌ലിങ്ങളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ് യാചിക്കുകയല്ലെന്നും ശ്രീവാസ്തവ വ്യക്തമാക്കി. വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് നല്ലത്. വോട്ട് ചെയ്തില്ലെങ്കില്‍ ഉറപ്പായും തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ശ്രീവാസ്തവ ഭീഷണി.

എന്നാല്‍ 2012 ല്‍ ശ്രീവാസ്തവയെ മേഖലയിലെ മുസ്‌ലിങ്ങള്‍ പിന്തുണച്ചില്ലെങ്കിലും പക്ഷഭേദമില്ലാതെ അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ബി.ജെ.പി വാക്താവ് ആര്‍.പി സിങ് പറഞ്ഞു. സംസ്ഥാനത്തെ ഭരണം ബി.ജെ.പിയാണ് കൈയാളുന്നത്. ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അവിടെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്‌സന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടാകുമെന്നുമാണ് ശ്രീവാസ്തവ പറയാന്‍ ശ്രമിച്ചതെന്നും ആര്‍.പി സിങ് പറഞ്ഞു.