പരസ്പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്‌റയുടെയും ജോലിയെന്ന് ദിലീപ്: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം 22 നകം സമര്‍പ്പിച്ചേക്കും

single-img
17 November 2017

ആലുവ: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ കുറ്റപത്രം ഈ മാസം 22 നകം സമര്‍പ്പിച്ചേക്കുമെന്ന് സൂചനകള്‍. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്.

കേസിന്റെ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും, രഹസ്യ വിചാരണ നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. കുറ്റപത്രം ടൈപ്പ് ചെയ്യാനായി എസ്പി ഓഫീസിലെ മൂന്നു ജീവനക്കാരെ പോലീസ് ബിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തു പോകരുതെന്ന് കര്‍ശന നിര്‍ദേശവും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.

അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസിന് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത് വന്നു. കത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും നേരെ ദിലീപിന്റെ ഗുരുതര ആരോപണങ്ങളാണുള്ളത്.

വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് തന്നെ കുടുക്കിയതിനു പിന്നില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് ആരോപിക്കുന്നു. ബെഹ്‌റയുടെ നിസംഗ നിലപാടുകളാണ് താന്‍ കേസില്‍ പ്രതിയാകുന്നതിന് ഇടയാക്കിയത്.

കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്‌റയ്ക്ക് പരാതികള്‍ നല്‍കി. എന്നാല്‍ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. ബെഹ്‌റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കേസില്‍ താന്‍ പ്രതിയാവില്ലായിരുന്നുവെന്നും ദിലീപ് പറയുന്നു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നു.

പള്‍സര്‍ സുനി ഭീഷണിയുടെ സ്വരത്തില്‍ സംവിധായകന്‍ നാദിര്‍ഷായെ ഏപ്രില്‍ പത്തിനാണ് വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡി.ജി.പിയെ ഫോണില്‍ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടു കണ്ട് പരാതി നല്‍കി. ഏപ്രില്‍ 18, 20, 21 ദിവസങ്ങളില്‍ ലഭിച്ച ബ്ലാക്ക്‌മെയില്‍ ഫോണ്‍വിളികളുടെ ശബ്ദരേഖയും ഡി.ജി.പിക്കു കൈമാറിയിരുന്നു. ഈ ശബ്ദരേഖ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്‌ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുക സന്ധ്യയുടെ പതിവ് രീതിയാണ്. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്.

ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സന്ധ്യയും സംഘവുമാണ്. വാര്‍ത്താചാനലുകള്‍ പൊലീസ് ക്ലബ്ബില്‍ നിന്ന് തത്സസമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്.

സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലും താനാണെന്ന് വരുത്താന്‍ അന്വേഷണസംഘം ശ്രമിച്ചു. പരസ്പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്‌റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തില്‍ നിന്ന് ഇത് മനസിലാക്കാവുന്നതേയുള്ളൂ എന്നും ദിലീപ് പറയുന്നു.

പൊതുജനമദ്ധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് എന്ന പേരില്‍ കൊണ്ടുപോയത്. അത് അവര്‍ ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താല്പര്യപ്രകാരം തനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജന്‍ വര്‍ഗീസുമാണെന്നും ദിലീപ് കത്തില്‍ ആരോപിക്കുന്നു.

നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റിനിറുത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും ദിലീപ് കത്തില്‍ പറയുന്നു. ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍, ഡിവൈ.എസ്.പി സോജന്‍ വര്‍ഗീസ്, ആലുവ സി.ഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍ നിന്നു മാറ്റിനിറുത്തണമെന്നും ദിലീപ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.