പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ കുരുക്ക് മുറുകുന്നു; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി

single-img
17 November 2017

ഇടത് എം.എല്‍.എ പി.വി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പത്തുവര്‍ഷമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ എംഎല്‍എക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.

ആദ്യ ഘട്ടത്തില്‍ എംഎല്‍എക്ക് നോട്ടീസ് അയക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ആദായ നികുതി കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല. ആസ്തിക്ക് അനുസരിച്ചുള്ള നികുതി അന്‍വര്‍ അടക്കുന്നില്ലെന്നാണ് മുരുകേശ് നരേന്ദ്രന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പരാതി സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ മുരുകേശ് നരേന്ദ്രനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ നികുതി വരുമാനം മനഃപൂര്‍വ്വം മറച്ചുവെച്ചെന്നു തെളിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പി.വി.അന്‍വര്‍ വെറും നാലു ലക്ഷം രൂപ മാത്രമാണ് വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത്.

നാല് വില്ല പ്രോജക്ടുകളും രണ്ടു അമ്യൂസ്‌മെന്റ് പാര്‍ക്കുകളും അന്‍വറിനുണ്ട്. കൂടാതെ വിവിധ സ്ഥലങ്ങളില്‍ ഭൂമിവാങ്ങികൂട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനമൊക്കെ മറച്ച്‌വെച്ച് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പോലും കുറഞ്ഞ തുകയാണ് കാണിച്ചിട്ടുള്ളതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.