വാട്‌സാപ്പില്‍ അയക്കുന്ന മെസേജുകള്‍ ഏഴ് മിനിട്ടുനുള്ളില്‍ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല: ഡിലീറ്റാക്കിയ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കും

single-img
16 November 2017


വാട്‌സാപ്പില്‍ നിന്നും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കുമെന്ന അവകാശവാദവുമായി സ്പാനിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ബ്ലോഗ് കമ്പനി. ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

അയയ്ക്കുന്ന സന്ദേശങ്ങള്‍ നോട്ടിഫിക്കേഷന്‍ രജിസ്റ്റര്‍ എന്ന സംവിധാനത്തില്‍ ശേഖരിച്ച് വയ്ക്കും. ഈ ശേഖരിച്ചുവച്ച സന്ദേശങ്ങള്‍ പുതിയ മൂന്നാം കക്ഷി ആപ്ലിക്കേഷന്റെ സഹായത്താലാണ് കാണാന്‍ സാധിക്കുന്നത്. മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ഇല്ലെങ്കില്‍ നോവാ ലോഞ്ചറിന്റെ സഹായത്താലും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും.

നീണ്ട നേരം ഹോം സ്‌ക്രീനില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന വിഡ്ജറ്റ്‌സിലെ ആക്ടിവിറ്റി പരിശോധിച്ചാല്‍ എല്ലാ സന്ദേശങ്ങളും കാണാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. കുറച്ചു ദിസങ്ങള്‍ക്ക് മുമ്പാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന പുത്തന്‍ സവിശേഷതയുമായി വാട്ട്‌സാപ്പ് രംഗത്തെത്തിയത്.

നമ്മള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴ് മിനിട്ടുനുള്ളില്‍ വേണമെങ്കില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നതായിരുന്നു സംവിധാനം. അബദ്ധത്തിലും അറിയാതെയും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ഇതുവഴി വളരെ സഹായകമായിരുന്നു.