വടകരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

single-img
16 November 2017

വടകര: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഴയ ബസ്റ്റാന്‍ഡിന് സമീപത്തെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ബസ്സ്റ്റാന്‍ഡ് പരിസരം ശുചീകരിക്കാന്‍ എത്തിയ നഗരസഭ ക്ലീനേഴ്‌സ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വടകര പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വടകര ജില്ലാ ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിന്് ശേഷം കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കുറിച്ച് ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. കൂടാതെ നഗരത്തിലെ സ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.