സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കും

single-img
16 November 2017

സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വായ്പ തിരിച്ചടവിന് 800 കോടിയോളം മാറ്റിവെയ്‌ക്കേണ്ടി വരുന്നതും പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 79 കോടി രൂപയും ക്ഷേമ പെന്‍ഷനുകള്‍ക്കായി 1500 കോടി രൂപയും ആവശ്യമായി വരുന്നതോടെ അടുത്തമാസം സാമ്പത്തിക ഞെരുക്കം കൂടുമെന്നാണ് വിലയിരുത്തല്‍.

ഇതോടെ അടുത്ത മാസത്തെ ശമ്പളം, പെന്‍ഷന്‍ വിതരണവും അനിശ്ചിതത്വത്തിലാകും. സ്ഥിതി രൂക്ഷമാകുന്നതോടെ ട്രഷറികളില്‍ ബില്ലുകള്‍ പാസാക്കി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. സാമ്പത്തിക നില അതീവ സങ്കീര്‍ണമായ സാഹചര്യത്തില്‍ ധനകാര്യ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം അധികമെടുത്ത 6000 കോടി ഇത്തവണത്തെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നു കാണിച്ചു കേന്ദ്രത്തിനു കത്തയയ്ക്കാനാണു തീരുമാനം. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാത്രം പാസാക്കി നല്‍കിയാല്‍ മതിയെന്നാണു ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 25 ലക്ഷത്തിനു മുകളിലുള്ള എല്ലാ ബില്ലുകളും പ്രത്യേക അനുമതിയോടെ പാസാക്കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

പരമാവധി 20400 കോടി രൂപയാണ് ഈ വര്‍ഷം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയുള്ളത്. ഇതില്‍ ഈ വര്‍ഷം 14,000 കോടി ഇതുവരെ കടമെടുത്തുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 6000 കോടി രൂപ അധിക വായ്പയെടുത്തിരുന്നു. ഈ തുക കൂടി ഇത്തവണത്തെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാനാവുന്ന പരമാവധി തുക 400 കോടി മാത്രമാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം 30% മാത്രമേ ആയിട്ടുള്ളൂ. ഇനിയുള്ള മൂന്നു നാലു മാസങ്ങളിലായാണു പദ്ധതി നിര്‍വഹണം തകൃതിയായി നടക്കുക. ഇതിനുള്ള വിഹിതം കണ്ടെത്താന്‍ സര്‍ക്കാര്‍ നന്നേ വിയര്‍ക്കും. അടുത്ത മാസമാദ്യം ശമ്പളം പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യാനുള്ള വഴികള്‍ തേടുകയാണു ധനവകുപ്പ്.