മോദി പയറ്റിത്തെളിഞ്ഞ പ്രചരണ തന്ത്രങ്ങള്‍ സ്വീകരിച്ച് രാഹുല്‍

single-img
16 November 2017

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രചാരണ ശൈലികളില്‍ ഒരു സാങ്കല്‍പിക സാദൃശ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി പയറ്റിത്തെളിഞ്ഞ പ്രചരണ തന്ത്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ രാഹുലും സ്വീകരിക്കുന്നതെന്നാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.

ജനങ്ങളുമായി നേരിട്ടുള്ള ഇടപെടലുകള്‍, അവരോടൊത്തുള്ള സെല്‍ഫികള്‍ പ്രോത്സാഹിപ്പിക്കല്‍, ക്ഷേത്രദര്‍ശനം തുടങ്ങി മോദിയുടെ പ്രചരണ വഴികളിലൂടെ തന്നെയാണ് ഇക്കുറി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നീങ്ങുന്നത്. സമ്മേളനങ്ങളില്‍ സംസാരിക്കുമ്പോള്‍ ജനങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചും അവരെക്കൊണ്ട് ഉത്തരങ്ങള്‍ പറയിച്ചും ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാനും രാഹുല്‍ ശ്രമിക്കുന്നുണ്ട്.

സൂറത്തിലെ ബിസിനസ്സ് മീറ്റിംഗിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മോദിയെപ്പോലെ വാക്‌സാമര്‍ഥ്യത്തോടെ സംസാരിക്കാന്‍ എനിക്കിപ്പോഴറിയില്ല, അതിനിനിയും കുറച്ചുകാലം കൂടി വേണ്ടിവരും എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. അതേസമയം രാഹുല്‍ സ്വീകരിച്ചിരിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്ക മോദി സ്വീകരിച്ച തന്ത്രങ്ങളാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ധീരജ് ശര്‍മ്മ പറയുന്നു.

ഇത്തരം നടപടികളിലൂടെ ഒരു സാധാരണക്കാരനാവാനുള്ള രാഹുലിന്റെ ശ്രമങ്ങളാണ് തെളിഞ്ഞുകാണുന്നതെന്നും നരേന്ദ്രമോദി കുറേക്കാലങ്ങളായി ശ്രമിച്ച് വിജയം കണ്ടതും ഇതേ തന്ത്രമായിരുന്നെന്നും ധീരജ് ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകള്‍ മുമ്പെങ്ങുമില്ലാത്ത വിധം ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോഴും ബിജെപിയുടെ ഡിജിറ്റല്‍ തന്ത്രങ്ങളുടെ വഴിയെ കോണ്‍ഗ്രസ് സഞ്ചരിക്കുകയാണെന്ന് ചിലര്‍ ആഭിപ്രയപ്പെട്ടിരുന്നു.