പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സിപിഐക്കെതിരെ പരാതിയുമായി പിണറായി: ‘സിപിഐ മുന്നണി മര്യാദ പാലിച്ചില്ല’

single-img
16 November 2017

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭാ ബഹിഷ്‌കരണത്തെ ചൊല്ലി സി.പി.എം സി.പി.ഐ ഭിന്നത ശക്തമായി. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും സി.പി.ഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് പൊറുക്കാനാവാത്ത തെറ്റെന്നാണ് സി.പി.എം നിലപാട്.

മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്ന് സിപിഐ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന സിപിഐയുടേത് അസാധാരണമായ നിലപാടായിരുന്നുവെന്നും മുന്നണി മര്യാദകളുടെ ലംഘനമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വിഷയത്തിലുളള അതൃപ്തി സിപിഐയുടെ ദേശീയ നേതൃത്വത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാടിനോട് അവെയ്‌ലബിള്‍ പിബി യോജിച്ചു. എന്നാല്‍ വിഷയം ദേശീയ തലത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാന നേതൃത്വം തന്നെ സിപിഐക്ക് മറുപടി നല്‍കാനും യോഗം തീരുമാനിച്ചു.

സി.പി.ഐയുടെ ഈ നടപടികളെയെല്ലാം അക്കമിട്ട് നിരത്തി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി കൊടുക്കാന്‍ പി.ബി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തോമസ് ചാണ്ടിയുടെ രാജിയോടെ മുന്നണിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിപിഎം അവെയ്‌ലബിള്‍ പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ വിളിച്ച് ചേര്‍ത്തത്.

ഡല്‍ഹിയില്‍ ഇല്ലാതിരുന്നതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തില്ല. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള, എം.എ.ബേബി തുടങ്ങിയവര്‍ എകെജി സെന്ററില്‍ നടന്ന യോഗത്തിനുണ്ടായിരുന്നു.