വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തില്‍ ഗുരുതരമായ അപാകതകള്‍: കുതിരാന്‍ തുരങ്കപ്പാതയ്ക്കുള്ളില്‍ സുരക്ഷാക്രമീകരണങ്ങളില്ല

single-img
16 November 2017

വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തില്‍ ഗുരുതരമായ അപാകതകളെന്ന് റിപ്പോര്‍ട്ട്. തുരങ്കപ്പാതയ്ക്കുള്ളില്‍ മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇരുമ്പുപാലത്തിന്റെ ഭാഗത്തു നിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റര്‍ ക്രോസ് പാസേജിലാണ് പാറകള്‍ക്കു വലിയ ബലക്ഷയം കണ്ടെത്തിയത്.

എന്നാല്‍, ഈ ബലക്ഷയം പരിഹരിക്കാതെയാണ് തുരങ്കപ്പാതയുടെ കോണ്‍ക്രീറ്റിംഗ് പണികള്‍ നടക്കുന്നത്. പാറകള്‍ക്കു ബലക്കുറവുള്ള ഭാഗങ്ങളില്‍ സ്റ്റീല്‍ റിബ്‌സുകള്‍ സ്ഥാപിച്ചു ബലപ്പെടുത്തണമെന്നിരിക്കെയാണ് ഇങ്ങനെയൊരു ക്രമക്കേട് നടന്നിരിക്കുന്നത്.

ആറുവരിപ്പാതയുടെ പ്രധാന കരാര്‍ കമ്പനിയായ കെഎംസിക്കു തുരങ്കനിര്‍മാണ പ്രവൃത്തികളെക്കുറിച്ച് വ്യക്തതയില്ല. ഇതിനാല്‍ സബ് കരാര്‍ നല്‍കിയ പ്രഗതി കമ്പനിയാണ് തുരങ്കം നിര്‍മിച്ചത്. എന്നാല്‍ പ്രഗതി എന്താണോ ചെയ്യുന്നത് അതു ശരിവയ്ക്കുക മാത്രമാണ് കെഎംസി ചെയ്യുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.

തുരങ്കങ്ങള്‍ക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയോ എന്‍എച്ച്എഐ ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജന്‍സിയായ ഐസിടിയോ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

തുരങ്കങ്ങള്‍ക്കുള്ളില്‍ പാറമടക്കുകള്‍ അടര്‍ന്നുവീഴുന്ന സ്ഥിതിയുണ്ടായാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. തുരങ്കപ്പാതകള്‍ തുറന്നാല്‍ ചെയിന്‍കണ്ണി പോലെയാകും വാഹനങ്ങള്‍ പോവുക. തുരങ്കത്തിനുള്ളില്‍ രണ്ടിടത്തു ശക്തമായ ഉറവയും കണ്ടെത്തിയിരുന്നു. ഈ വര്‍ഷം മഴ ഇടവിട്ടായതിനാല്‍ വെള്ളത്തിന്റെ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടില്ല.

തുരങ്കപ്പാത നിര്‍മാണത്തിലും മതിയായ സുരക്ഷാ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. തുരങ്കങ്ങള്‍ക്കുള്ളില്‍ ബൂമര്‍ ഉപയോഗിച്ച് പാറപൊട്ടിക്കുന്നുതിനു പകരം ടണല്‍ ബോറിംഗ് മെഷീന്റെ സഹായത്തോടെ പാറതുരക്കേണ്ടതായിരുന്നു. അതായിരുന്നു കരാര്‍ വ്യവസ്ഥയും. എന്നാല്‍ ബോറിംഗ് മെഷീന്‍ ഉപയോഗിക്കാതെ തുരങ്കത്തിനായി ഉഗ്രസ്‌ഫോടനത്തോടെ പാറപൊട്ടിച്ചതുമൂലം പാറകള്‍ക്കുള്ളില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടാകാമെന്നും പിന്നീടത് അപകട കാരണമാകുമെന്നുമാണ് വിലയിരുത്തല്‍.

തുരങ്കത്തിനുള്ളില്‍ പാറപൊട്ടിക്കുമ്പോള്‍ വലിയ ഭൂചലനം പോലെയാണ് പ്രദേശം കുലുങ്ങിയിരുന്നത്. ഇതിനടുത്ത വീടുകളുടെ ചുമരുകള്‍ക്കു വിള്ളല്‍ രൂപപ്പെട്ടതും തുരങ്കങ്ങളിലെ സ്‌ഫോടനം മൂലമായിരുന്നു. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍വരെ പാറപൊട്ടിക്കുന്നതിന്റെ ചലനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ തുരങ്കത്തിനുള്ളിലെ പാറകള്‍ക്ക് വലിയ ബലക്ഷയം ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിദ്ഗധരുടെയും അഭിപ്രായം.

പാറകള്‍ പൊടിയാക്കി മാറ്റുന്ന യന്ത്രസംവിധാനമാണ് ടണല്‍ ബോറിംഗ് മെഷീന്‍. ഈ സംവിധാനം ഉപയോഗിക്കാതെയാണ് ബൂമര്‍ ഉപയോഗിച്ച് പാറകളില്‍ നാലുമീറ്റര്‍ ആഴത്തില്‍ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് പിളര്‍ത്തിയിരുന്നത്. ഇതിനാല്‍ ലക്ഷക്കണക്കിനു ലോഡ് പാറക്കല്ലാണ് കരാര്‍ കമ്പനിക്കു റോഡുപണിക്കു ലഭിച്ചത്.

അതല്ലെങ്കില്‍ ഇത്രയും ലോഡ് കല്ല് കരാര്‍ കമ്പനി പണംകൊടുത്തു വാങ്ങേണ്ട സ്ഥിതിവരുമായിരുന്നു. ഇതോടെ നിര്‍മാണം കഴിഞ്ഞു വാഹനങ്ങള്‍ കടത്തിവിടും മുമ്പേ തുരങ്കത്തിനുളളില്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

കടപ്പാട്: ദീപിക