പി.കൃഷ്ണദാസിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി: ‘കേരളത്തില്‍ പ്രവേശിക്കരുത്’: സിബിഐക്ക് ഇന്നും കോടതിയുടെ വിമര്‍ശനം

single-img
16 November 2017

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. കൃഷ്ണദാസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുത് എന്നും കോടതി പറഞ്ഞു.

നെഹ്‌റു കോളേജ് വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. ഗുരുതരമായ കേസാണിതെന്നും കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെയല്ല വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടുണ്ട്. അതേസമയം, ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.

സി.ബി.ഐ തന്നെ അന്വേഷിക്കണം. എന്നാല്‍ എന്തു കാരണത്താല്‍ സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. അച്ഛനും അമ്മയും ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. സംസ്ഥാനം ഈ ആവശ്യമുന്നയിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കി ഡി.ജി.പി തയ്യാറാക്കുന്ന ഒരു അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി നാളത്തേക്ക് മാറ്റി.