സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍: ‘സിപിഐയുടെ നിലപാട് ശത്രുക്കളെ സഹായിക്കുന്നത്’

single-img
16 November 2017

തോമസ് ചാണ്ടിയുടെ രാജി പ്രശ്‌നത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. പിബി യോഗത്തിനു പിന്നാലെ വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ച നടപടി അപക്വമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയുടെ നടപടികള്‍ മുന്നണിമര്യാദകള്‍ക്ക് യോജിച്ചതല്ല. കയ്യടികള്‍ മാത്രം ഏറ്റെടുക്കാമെന്നും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏല്‍ക്കണമെന്നുമുള്ള നടപടി ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

എന്‍സിപി നേതൃത്വവുമായും തോമസ് ചാണ്ടിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിച്ച ശേഷമാണ് മന്ത്രിസഭായോഗത്തിന് മുഖ്യമന്ത്രി എത്തിയത്. അതിന് തൊട്ട് മുന്‍പാണ് തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാല്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ വിട്ട്‌നില്‍ക്കുകയാണെന്ന് കത്തിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയെ നേരില്‍ കണ്ടോ, തലേന്നോ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ തീരുമാനം എടുക്കാന്‍ അവസരം ലഭിച്ചേനെ. സിപിഐ നടപടി ഇത്തരത്തിലുള്ള അവസരം നിഷേധിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം തോമസ്ചാണ്ടി രാജി പ്രഖ്യാപിച്ചതിന്റെ ഖ്യാതി ലഭിക്കാനാണ് സിപിഐ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഐയുടെ നിലപാട് ശത്രുക്കളെ സഹായിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിക്കാന്‍ സിപിഎം പിബി യോഗം കോടിയേരിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.