‘ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍’: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 31 ദിവസം പ്രായമായ കുഞ്ഞുജീവനുമായി ആംബുലന്‍സ് പറന്നെത്തിയത് 6.45 മണിക്കൂര്‍കൊണ്ട്

single-img
16 November 2017

https://www.facebook.com/manojsafa/videos/1532877723426005/

https://www.facebook.com/manojsafa/videos/1532713370109107/

ട്രാഫിക് സിനിമയില്‍ തുടിക്കുന്ന ഹൃദയവുമായി കുതിക്കുന്ന യാത്രയിലെ രംഗങ്ങളെ വെല്ലുന്ന കാഴ്ചയായിരുന്നു ഇന്നലെ കേരളം കണ്ടത്. 31 ദിവസം പ്രായമായ കുഞ്ഞുജീവനുമായി പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ ആ ആംബുലന്‍സ് പറക്കുക തന്നെയായിരുന്നു.

ജനിച്ച് 31 ദിവസം മാത്രമായ ഫാത്തിമാ ലൈബയുമായി കാസര്‍ഗോഡ് സ്വദേശിയായ ഡ്രൈവര്‍ തമീം കുതിച്ചപ്പോള്‍ വഴിയൊരുക്കിയത് വാട്ട്‌സ് ആപ്പ് കൂട്ടായ്മയും പൊലീസും. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് സിനിമയില്‍ ശ്രീനിവാസന്‍ ചെയ്ത കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു തമീം എന്ന ഈ ഡ്രൈവറുടെ യാത്ര.

14 മണിക്കൂര്‍ വേണം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍. എന്നാല്‍ ആറെ മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് തമീം ലക്ഷ്യത്തിലെത്തിയത്. ഇന്നലെ രാത്രി എട്ടു മണിക്ക് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് പുലര്‍ച്ച 3.22നാണ് തിരുവനന്തപുരം ശ്രീചിത്രയിലെത്തിയത്.

‘KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അല്‍പ്പ സമയത്തിനകം കണ്ണൂരില്‍ നിന്നും വണ്ടി പുറപ്പെടും.

ട്രാഫിക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാന്‍ സഹായിക്കുക. എവിടെയെങ്കിലും റോഡില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങള്‍ക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്.’

ഇതോടെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ CPT Mission KNR-TVM എന്ന 72 പേര്‍ അടങ്ങുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സജീവമായി. വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പൊലീസ്സുകാരെ കൂടി ഉള്‍പ്പെടുത്തി ആംബുലന്‍സ് പോകുന്ന വഴിക്കുള്ള തടസങ്ങള്‍ നീക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു.

കുട്ടിയുമായി ആംബുലന്‍സ് പോകുന്ന വഴി ലൈവ് ആയി ഗ്രൂപ്പില്‍ അംഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇതനുസരിച്ച് പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിച്ചു. ആംബുലന്‍സ് ജീവനക്കാരുടെ സംഘടന ആയ KADTA അംഗങ്ങളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. ഇടയ്ക്ക് ആംബുലന്‍സില്‍ ഇന്ധനം നിറയ്‌ക്കേണ്ട സൗകര്യവും ഒരുക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സംഭവം പ്രചരിച്ചതോടെ സഹായവുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തി.

ആറെ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് വ്യാഴാഴ്ച്ച പുലര്‍ച്ചെ 3.20 ഓടെ ആംബുലന്‍സ് കുട്ടിയുമായി ശ്രീചിത്ര ആശുപത്രിയില്‍ എത്തി. ഉടന്‍ തന്നെ കുഞ്ഞിനെ ഐ.സിയുവിലേക്ക് മാറ്റി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്‌നീഷ്യനായ ജിന്റോയും ഡ്രൈവര്‍ തമീമിനൊപ്പമുണ്ടായിരുന്നു.

തുടക്കം മുതല്‍ തന്നെ ആംബുലന്‍സിനു മുന്നില്‍ അകമ്പടിയായി പോലീസ് വാഹനവും ഉണ്ടായിരുന്നു. ഇപ്പോള്‍ ആംബുലന്‍സ് ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്.

ബുധനാഴ്ചയാണ് ഫാത്തിമ ലൈബയുടെ അവസ്ഥ ഹൃദയസംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. തുടര്‍ന്നാണ് കുട്ടിയെ ശീചിത്ര ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്. ഇതോടെ സിഎംസിസി ആംബുലന്‍സ് സര്‍വ്വീസ് കുട്ടിയുമായി പറക്കുകയായിരുന്നു.

ഇതേ കഥയായിരുന്നു ട്രാഫിക് ചിത്രത്തിലും. എറണാകുളത്തു നിന്ന് പാലക്കാട് വരെ നീളുന്ന യാത്ര. യഥാര്‍ഥത്തില്‍ യാത്രയ്ക്കു വേണ്ട സമയത്തിന്റെ പകുതി പോലും എടുക്കാതെ വേണമായിരുന്നു ലക്ഷ്യത്തിലെത്താന്‍. ആംബുലന്‍സ് ഡ്രൈവര്‍ക്കു പകരം ഇവിടെ പൊലീസ് ഡ്രൈവറായിരുന്നു എന്നു മാത്രം.

ശ്രീനിവാസന്‍ കഥാപാത്രം ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വരികയായിരുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു നടത്തേണ്ടിയിരുന്നത്. ഇതേ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മുന്‍പും സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ ആറെ മുക്കാല്‍ മണിക്കൂറിലെത്തിയ തമീം സിനിമയെ വെല്ലുന്ന കഥയാണ് ജീവിതത്തിലെഴുതിയത്.