ഹിന്ദുക്കളാണ് ഇന്ത്യയില്‍ ഭൂരിപക്ഷം; അവര്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് കമല്‍ ഹാസന്‍

single-img
16 November 2017

ന്യൂഡല്‍ഹി: ഹിന്ദുക്കളാണ് ഇന്ത്യയില്‍ ഭൂരിപക്ഷമെന്നും അവര്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാവണമെന്നും നടന്‍ കമല്‍ ഹാസന്‍. തമിഴ് മാഗസിനായ ആനന്ദ വികടനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ ഹിന്ദുക്കളെ കുറിച്ചുള്ള പുതിയ പരാമര്‍ശം.

മൂത്ത ജ്യേഷ്ഠ സോഹദരങ്ങളുടെ കടമയാണ് ഹിന്ദുക്കള്‍ക്ക് നിര്‍വഹിക്കാനുള്ളത്.തങ്ങള്‍ വലുതാണെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുമ്പോള്‍ അവരുടെ ഹൃദയം വിശാലമാണെന്ന് കൂടി അവര്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും കമല്‍ പറഞ്ഞു. അവര്‍ മറ്റുള്ളവരെ അംഗീകരിക്കുകയും തെറ്റു ചെയ്യുന്നുവെങ്കില്‍ തിരുത്തുകയും വേണം.

കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം കോടതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതവര്‍ ചെയ്യട്ടെയെന്നും തന്നെയും കോടതിയിലേക്ക് വലിച്ചിഴക്കുന്നതില്‍ പ്രശ്‌നമില്ല. കാരണം താന്‍ ജനങ്ങളിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം കുറിച്ചു. തന്റെ വായനക്കാരെല്ലാവരും നികുതി അടയ്ക്കണമെന്നും അതില്‍ വീഴ്ച വരുത്തരുതെന്നും കമല്‍ ലേഖനത്തിലൂടെ പറയുന്നു.

നേരത്തെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമലിന്റെ അഭിപ്രായത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തിയിരുന്നു. പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഭീഷണികള്‍ക്കും നിയമ നടപടികള്‍ക്കുമൊടുവില്‍ വിശദീകരണവുമായി കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. താനെവിടെയും ഹിന്ദു തീവ്രവാദം എന്ന വാക്ക് ഉപയോഗിച്ചില്ലെന്നായിരുന്നു കമല്‍ഹാസന്റെ ന്യായീകരണം.