വിവാഹിതനല്ലെങ്കിലും സന്യാസി അല്ലെന്ന് വാജ്‌പേയി പറഞ്ഞിട്ടുണ്ട്; അങ്ങനെയെങ്കില്‍ 23കാരന് കാമുകിമാര്‍ ഉണ്ടാവുന്നതില്‍ എന്താണ് തെറ്റെന്ന് ഹാര്‍ദിക്; ‘ശനിയാഴ്ച ബിജെപിക്കെതിരെ ബോംബ് പൊട്ടിക്കും’

single-img
16 November 2017

ബിജെപി പ്രചരിപ്പിക്കുന്ന സെക്‌സ് ടേപ്പ് കൊണ്ടൊന്നും സംവരണ ആനുകൂല്യങ്ങള്‍ക്കായി പട്ടീദാര്‍ സമുദായം നടത്തി വരുന്ന പ്രക്ഷോഭത്തെ തളര്‍ത്താനാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍. തങ്ങളുടെ പരിമിതികള്‍ മറികടക്കാന്‍ ബിജെപി നടത്തിയ നിരാശാജനകമായ പരിശ്രമമായിരുന്നു വീഡിയോ വിവാദമെന്നും 23കാരന് കാമുകിമാര്‍ ഉണ്ടാവുന്നതില്‍ എന്താണ് തെറ്റെന്നും ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.’അവര്‍ക്കെന്നെ ഭീഷണിപ്പെടുത്താനോ, തകര്‍ക്കാനോ, ബ്ലാക്ക് മെയില്‍ ചെയ്യാനോ കഴിഞ്ഞില്ല. അതിനാലാണ് വ്യക്തിഹത്യ നടത്താന്‍ അത്തരമൊരു വീഡിയോ അവര്‍ക്ക് സൃഷ്ടിക്കേണ്ടി വന്നത്’.

‘വീഡിയോ മോര്‍ഫ് ചെയ്തതാണ്. എന്റെ പ്രതിശ്രുത വധുവുമൊത്തുള്ള വീഡിയോയായിരുന്നു ഇതെങ്കില്‍ ഞാന്‍ ഏറ്റുപറഞ്ഞേനെ. എന്നാല്‍ ഞാനുമായി സാമ്യമുള്ള ആളെ ഉപയോഗിച്ച് എടുത്ത വീഡിയോയാണ് ഇത്. ഫോറന്‍സിക് പരിശോധനയ്ക്കായി വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് ഞാന്‍ വീഡിയോ അയച്ചപ്പോള്‍ അത് വ്യാജമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഞാന്‍ അധാര്‍മ്മികനാണെന്ന് ആവര്‍ത്തിക്കുന്നവരോട് 23കാരന് കാമുകിമാര്‍ ഉണ്ടായിരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് എനിക്ക് ചോദിക്കാനുള്ളത്’. വിവാഹിതനല്ലെങ്കിലും താനൊരു സന്യാസി അല്ലെന്ന് അടല്‍ബിഹാരി വാജ്‌പേയി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പൊലീസ് സേന ബിജെപി സര്‍ക്കാരിന്റെ കീഴിലായതു കൊണ്ടാണ് നിയമ നടപടിക്ക് ഒരുങ്ങാത്തതെന്നും ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ക്കിടയിലും തീരുമാനിച്ചുറപ്പിച്ച വിവാഹവുമായി താന്‍ മുന്നോട്ടു പോകുമെന്നും പ്രതിശ്രുത വധു തന്നേക്കാള്‍ കരുത്തയാണെന്നും ഹാര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നവംബര്‍ 18ന് ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഹാര്‍ദിക് പട്ടേല്‍ ഡി.എന്‍.എയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ നഗരത്തില്‍ നടത്താനിരിക്കുന്ന റാലിയില്‍ വെച്ചാണ് ‘ഈ ബോംബ് പൊട്ടിക്കുക’യെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

‘ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുതന്നെയാണ്. അണുകിടപോലും വ്യതിചലിക്കില്ല. വരുംഭാവിയില്‍ നിരവധി റാലികള്‍ ഞാന്‍ സംഘടിപ്പിക്കും. മാന്‍സയിലെ റായില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തും. അതിനെക്കുറിച്ച് ഞാനിപ്പോള്‍ പറയുന്നില്ല, പക്ഷേ അതൊരു വലിയ സ്‌ഫോടനത്തിന്റെ രൂപത്തിലുള്ളതായിരിക്കും.’ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ പൂര്‍വ്വികരുടെ നാടായ മാന്‍സയാണ് ബി.ജെ.പിയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മാന്‍സയിലെ റാലിയില്‍ ഗാന്ധിനഗര്‍, സബര്‍കന്ത, ആരവല്ലി എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ റാലിയില്‍ അണിനിരക്കുമെന്നും ഹാര്‍ദിക് അറിയിച്ചു.