ജോയ്‌സ് ജോര്‍ജിന് റവന്യു മന്ത്രിയുടെ ക്ലീന്‍ ചിറ്റ്: എംപി ഭൂമി കയ്യേറിയിട്ടില്ല

single-img
16 November 2017

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഭൂമി തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കൊട്ടാക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും ലഭിച്ച ഭൂമിയാണത്. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ നിലപാട് മാറ്റം.

ജില്ലയില്‍ കയ്യേറ്റം നടക്കുന്നുണ്ട്. എന്നാല്‍ ഭൂമി ഉള്ളവരെയെല്ലാം കയ്യേറ്റക്കാരായി കാണേണ്ട. കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് വന്നാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തൂ. കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഐക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങിയ സമയത്താണ് റവന്യൂ മന്ത്രിയും സിപിഐയും നിലപാട് മാറ്റിയത് എന്നത് ശ്രദ്ധേയമാണ്.

റവന്യൂ വകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ 10 പഞ്ചായത്തില്‍ ഈ മാസം 21ന് മൂന്നാര്‍ സംരക്ഷണ സമിതിയുടെ പേരില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ഹര്‍ത്താല്‍ ആര്‍ക്കു വേണമെങ്കിലും നടത്താമെന്നായിരുന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം. ജോയ്‌സ് ജോര്‍ജിന്റേത് കയ്യേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു.

അതിനിടെ, സി.പി.ഐയെ ഒഴിവാക്കി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പുതിയ മൂന്നാര്‍ സംരക്ഷണ സമിതി രൂപീകരിച്ചു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്ക്കാണ് സംഘടനയുടെ നേതൃത്വം. 2007ലാണ് ആദ്യം മൂന്നാര്‍ സംരക്ഷണ സമിതി രൂപീകരിച്ചത്. അന്ന് ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും അതില്‍ അംഗങ്ങളായിരുന്നു.

പിന്നീട് നിര്‍ജീവമായ സമിതിയെ റവന്യൂവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കിയതോടെ പൊടിതട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സംഘടന പുനരുജ്ജീവിപ്പിക്കുന്നതിനെ പറ്റി തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും ഇപ്പോള്‍ അതിനുള്ള ആവശ്യമില്ലെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.