സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിച്ചെന്ന് സുനില്‍കുമാര്‍; തിരിച്ചടിച്ച് എകെ ബാലന്‍; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസും ബിജെപിയും

single-img
16 November 2017

തിരുവനന്തപുരം: സിപിഐയ്ക്ക് എതിരെ കടുത്ത നിലപാടുമായി മന്ത്രി എ കെ ബാലന്‍. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന നടപടി ഭൂഷണമായില്ല. പ്രതിച്ഛായ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി അവകാശപെട്ടതാണ്. അല്ലാതെ ഹോള്‍ സെയില്‍ അവകാശം ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. അത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ലെന്നും ബാലന്‍ പറഞ്ഞു. എന്നാല്‍ പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുകയാണ് ചെയ്തതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഐയെ പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ രംഗത്തെത്തി. പ്രതിപക്ഷമെന്ന നിലയ്ക്ക് യുഡിഎഫ് ആലപ്പുഴയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം ജനകീയ പ്രക്ഷോഭങ്ങളുമുണ്ടായി. മാധ്യമങ്ങളുടെ ഇടപെടലുകളുമുണ്ടായി.

പക്ഷേ, തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിത്തീര്‍ത്തത് സിപിഐയുടെ ഇടപെടലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിപിഐ എടുത്ത ആദര്‍ശപരമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും എം.എം.ഹസന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിയുടെ കാര്യത്തില്‍ സിപിഐയും സിപിഎമ്മും വ്യത്യസ്ത ധ്രുവങ്ങളിലാണ്. തോമസ് ചാണ്ടിയുടെ രാജിയ്ക്കായി സിപിഐ ഏതറ്റം വരെ പോകുമെന്ന സമീപനം സ്വീകരിച്ചു എന്നതാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

കോടതി ഭാഷയില്‍ പറഞ്ഞാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യമാണിത്. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാടിത്തറ തകര്‍ന്ന എല്‍ഡിഎഫ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇതിനിടെ കേരള രാഷ്ട്രീയത്തില്‍ ഇടതുമുന്നണി ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കി പത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയാണെന്ന് ഘടകക്ഷികളാണ് വിളിച്ചു പറഞ്ഞത്.

മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമാണ്. മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും പിടിപ്പുകേടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് കാനം.

മന്ത്രിപദവിയിലിരുന്നു കൊണ്ട് സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് പറയുന്ന കാനം സിപിഐ മന്ത്രിമാര്‍ ചെയ്ത നടപടി എന്താണെന്ന് വിശദീകരിക്കണം. മുഖ്യമന്ത്രി വിളിച്ച ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം ചേര്‍ന്നത് ഏതു കൂട്ടുത്തരവാദിത്തത്തിന്റെ പേരിലാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്?. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ സിപിഐക്ക് ഇനി ആ മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമുണ്ടോയെന്നും കാനം വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.