മരുമകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 1200ഓളം രോഗികളെ ഒഴിപ്പിച്ചു; ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിവാദത്തില്‍

single-img
16 November 2017

റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മരുമകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു. റായ്പൂര്‍ ഭീം റാവു അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകള്‍ ഐശ്വര്യ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉടന്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ ലേബര്‍വാര്‍ഡില്‍ നിന്നും മാറ്റിയത്.

ഒന്നാം നിലയിലേക്കാണ് രോഗികളെ മൊത്തം മാറ്റിയത്. ഒന്നാം നിലയിലെ സ്ഥലപരിമിതിയും രോഗികളെ ദുരിതത്തിലാക്കി. ലേബര്‍ വാര്‍ഡിലുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. രണ്ട് ഗര്‍ഭിണിമാര്‍ക്ക് ഒരു കിടക്ക വീതം പങ്കുവയ്‌ക്കേണ്ടി വന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ മന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസടക്കം രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രി മുഴുവന്‍ ഒരു കന്റോണ്‍മെന്റാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് വികാഷ് തിവാരി ആരോപിച്ചു. ഒരേ കിടക്ക ഉപയോഗിക്കാന്‍ രണ്ട് ഗര്‍ഭിണികളെ നിര്‍ബന്ധിതരാക്കി. അധികാരത്തിലെത്തിച്ചവരെ അപമാനിക്കുന്ന നടപടിയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മന്ത്രിയുടെ മരുമകള്‍ക്ക് പ്രത്യേക മുറിയും മറ്റ് മൂന്നുമുറികള്‍ സുരക്ഷാകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തതും കൂടാതെ അമ്പതോളം പോലീസുകാരെ ആശുപത്രിയില്‍ വിന്യസിച്ചതുമാണ് രോഗികളെ ഒഴിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചുമകളെ കാണാന്‍ ശനിയാഴ്ച രമണ്‍ സിങ്ങ് ആശുപത്രിയില്‍ എത്തിയിരുന്നു. കൊച്ചുമകളെ കാണാനെത്തിയതിന്റെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.