മരണത്തിന് ശേഷം ശരീരത്തിന് എന്ത് സംഭവിക്കും?: ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടിത്തം

single-img
16 November 2017

മരണത്തിന് ശേഷം ശരീരത്തിന് എന്ത് സംഭവിക്കും? ഈ ചോദ്യത്തിന് ശാസ്ത്രീയമായൊരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. മരണശേഷം മനുഷ്യന്റെ തലച്ചോറില്‍ സംഭവിക്കുന്നതെന്താണെന്നത് കാലാകാലങ്ങളായി ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണ് ഒരാള്‍ മരിച്ചു എന്ന് ഉറപ്പു വരുത്തുന്നത്. എന്നാല്‍ ഹൃദയം പ്രവര്‍ത്തനം നിലച്ചാലും കുറച്ചു നേരത്തേക്കു കൂടി തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടിത്തം.

ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് മരണത്തില്‍ നിന്നും അത്ഭുതകരമായി തിരിച്ചു വന്ന ചില രോഗികളുടെ അനുഭവങ്ങളാണ്. 2014ല്‍ ന്യൂ യോര്‍ക്കിലെ എന്‍വൈയു ലങ്‌ഗോന്‍ ഹെല്‍ത്ത് സെന്ററിലെ ഡോ. സാം പര്‍നിയയുടെ മേല്‍നോട്ടത്തില്‍ ഇത്തരത്തില്‍ മരണത്തില്‍ നിന്നും തിരികെവന്ന 101 പേരില്‍ പഠനം നടത്തുകയുണ്ടായി. ഇതില്‍ ഒന്‍പതുപേര്‍ക്ക് സമാനവും വിചിത്രവുമായ മരണാനന്തര അനുഭവങ്ങള്‍ ഉണ്ടായതായാണ് പറയുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം ഉറപ്പിച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ പറയുന്നത് അബോധാവസ്ഥയില്‍ ആയിരുന്ന സമയത്തു ചുറ്റും നടന്ന സംഭവങ്ങള്‍ എല്ലാം അറിയാനും കേള്‍ക്കാനും സാധിച്ചിരുന്നുവെന്നാണ്. ഒരു വര്‍ഷം ഇത്തരത്തില്‍ ഒരു കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നു പര്‍നിയ വ്യക്തമാക്കി.

ഇത്തരത്തിലുള്ള മിക്ക ആളുകളും സമാന അനുഭവങ്ങളാണ് പങ്കുവച്ചിട്ടുള്ളതെന്നും അവര്‍ പറയുന്നു. നീണ്ട ടണലിലൂടെ നടക്കുകയും ദൂരെ ശക്തമായ വെളിച്ചം കാണുകയും അവിടെ മരിച്ചു പോയ പൂര്‍വികരെ കാണുകയുമൊക്കെ ചെയ്തതായി ഇവരില്‍ പലരും പറയുന്നുണ്ട്.

ഹാര്‍ട്ട്അറ്റാക്ക് വന്നു മരണം സ്ഥിരീകരിച്ച ശേഷം ജീവിതത്തിലേക്കു വന്ന ചിലര്‍ക്ക് ആ സമയത്ത് ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെട്ടതായും തിരികെ ശരീരത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ ശ്രമിച്ച പോലെ തോന്നിയതായുമുള്ള അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പഠനം നടത്തിയവരില്‍ ഒരാള്‍ തനിക്കു ചുറ്റും മരണശേഷം നടന്ന എല്ലാ സംഭവങ്ങളും റെക്കോര്‍ഡ് ചെയ്ത പോലെ പറയുകയുണ്ടായി. എന്നാല്‍ ഇതിനു എന്ത് വിശദീകരണം നല്‍കണമെന്ന് അറിയില്ലെന്നാണ് പഠനത്തിനു മേല്‍നോട്ടം വഹിച്ച ഡോ. പാര്‍നിയ പറയുന്നത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കും. അതോടെ രോഗി മരണപ്പെട്ടതായി സ്ഥിരീകരിക്കും. എന്നാല്‍ ഹൃദയം നിലച്ച ശേഷവും തലച്ചോറ് ഉണര്‍ന്നിരിക്കുമെന്നു തന്നെയാണ് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് അവര്‍ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത് സംബന്ധിച്ചു പല പഠനങ്ങളും നടന്നിട്ടുണ്ട്. ചിലര്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുകയും ഇത് രോഗിയുടെ സങ്കല്‍പ്പങ്ങള്‍ മാത്രമെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഡോ. പര്‍നിയയുടെ അഭിപ്രായത്തില്‍ ഹൃദയം നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന രക്തപ്രവാഹത്തിന്റെ കുറവ് നിമിത്തം തലച്ചോറിനു ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്നുണ്ട്. ഇത് ഓര്‍മക്കുറവിനു കാരണമായേക്കാം. അതുകൊണ്ടുതന്നെ മരണമുഖത്തു നിന്നും തിരികെ വന്നിട്ടുള്ള രോഗികള്‍ പറയുന്നതില്‍ അപൂര്‍ണതകള്‍ ഉണ്ടാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.