സിംബാബ്‌വേയില്‍ സൈനിക അട്ടിമറി

single-img
15 November 2017

സിംബാബ്‌വേയില്‍ സൈനിക അട്ടിമറി ഉണ്ടായതായി റിപ്പോര്‍ട്ട്. പ്രസിഡന്റായ റോബര്‍ട്ട് മുഗാബേയും കുടുംബവും സൈന്യത്തിന്റെ പിടിയിലായെന്നാണ് വിവരം. സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ് സൈനിക അട്ടിമറി നടന്നത്.

രാജ്യം ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച 1980 മുതല്‍ സിംബാബ്‌വേയില്‍ അധികാരം കൈവശം വച്ചിരിക്കുന്നത് 93കാരനായ മുഗാബെയാണ്. രാജ്യത്തെ ഔഗ്യോഗിക മാധ്യമ ഓഫീസ് സൈന്യം കൈയ്യടക്കിയെന്നും വിവരങ്ങള്‍ ഉണ്ട്.

എന്നാല്‍ സൈനിക അട്ടിമറിയല്ല നടന്നിട്ടുള്ളതെന്ന് സൈനിക വക്താവ് ടെലിവിഷനിലൂടെ അറിയിച്ചു. പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സുരക്ഷിതനാണെന്നും സൈന്യം അറിയിച്ചു. ‘സാമൂഹിക, സാമ്പത്തിക ദുരിതത്തിന്’ ഇടയാക്കിയ മുഗാബെയുടെ അനുയായികളാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈന്യം പറയുന്നു.

തലസ്ഥാന നഗരമായ ഹരാരെയ്ക്ക് വടക്കന്‍ മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ വന്‍ സ്‌ഫോടക ശബ്ദങ്ങളും വെടിയൊച്ചകളും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. അട്ടിമറിയല്ലെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും പ്രസിഡന്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണവും പുറത്തുവന്നിട്ടില്ല. പ്രസിഡന്റ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് സൂചിപ്പിക്കുന്ന ട്വിറ്റര്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.