സൗദി അറേബ്യയില്‍ യോഗയ്ക്ക് ഔദ്യോഗിക അംഗീകാരം

single-img
15 November 2017
സൗദി അറേബ്യയില്‍ യോഗയ്ക്ക് ഔദ്യോഗികമായ അംഗീകാരം. യോഗ കായികയിനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. രാജ്യത്ത് ഇനി ആര്‍ക്കും സര്‍ക്കാര്‍ അനുമതിയോടെ യോഗ പരിശീലിക്കാനും പ്രചരിപ്പിക്കാനും സാധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
നൗഫ് ബിന്ദ് മുഹമ്മദ് അല്‍ മര്‍വായി എന്ന മുപ്പത്തേഴുകാരിയുടെ പോരാട്ടമാണ് സൗദി ഭരണകൂടത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് കാരണം. സൗദിയിലെ ആദ്യ വനിതാ യോഗാ പരിശീലകയാണ് അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയായ മര്‍വായ്. യോഗയും മതവും പരസ്പരം കലഹിക്കേണ്ടതല്ലെന്ന് അവര്‍ പറയുന്നു. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് ഇവര്‍.
2005 മുതലാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നൗഫ് രംഗത്തെത്തിയത്. എന്നാല്‍ നൗഫിന്റെ ആവശ്യത്തോട് സൗദി സര്‍ക്കാരിന് പൂര്‍ണ്ണമായും വിയോജിപ്പായിരുന്നു. പക്ഷേ, ആ തിരിച്ചടികളിലൊന്നും നൗഫ് തളര്‍ന്നില്ല. സര്‍ക്കാരില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാതായതോടെ നൗഫ് സൗദി റോയല്‍ കൗണ്‍സില്‍ അംഗമായ രാജകുമാരിയെ കാര്യമറിയിച്ചു.
തുടര്‍ന്ന് ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന രാജകുമാരി റീമ ബിന്‍ത്ത് ബാന്‍ദര്‍ ആല്‍സൗദ് നൗഫിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. വനിതകള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് യോഗ അഭ്യസിക്കാനും പഠിപ്പിക്കാനും സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഭരണത്തിന് കീഴിലാണ് സൗദിയില്‍ വിപ്ലവകരമായ പലമാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതും അടുത്തിടെയായിരുന്നു.
സൗദി അറേബ്യ യോഗയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കിയെന്ന് നൗഫ്  ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. നവംബര്‍ 12 നാണ് ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് നൗഫ് പോസ്റ്റ് ചെയ്തത്. യോഗ അര്‍ത്ഥമാക്കുന്നത് കൂടിച്ചേരല്‍ ആണ്. ഒരു മനുഷ്യനുള്ളില്‍ തന്നെ മനസും ശരീരവും, വികാരങ്ങളും എല്ലാമായുള്ള കൂടിച്ചേരല്‍. ആ കൂടിച്ചേരല്‍ സൗദിയുടെ തീരത്തേയ്ക്കും എത്തിയെന്നാണ് നൗഫ് ഫെയ്‌സ്ബുക്കില്‍ക്കുറിച്ചത്.