പിണറായി മന്ത്രിസഭയുടെ മൂന്നാം വിക്കറ്റ് വീണു: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

single-img
15 November 2017

തിരുവനന്തപുരം: ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന എന്‍ സി പി നേതൃയോഗത്തിലാണ് രാജിസംബന്ധിച്ച തീരുമാനം എടുത്തത്. മുന്നണിയെ മുഴുവന്‍ പിണക്കി മന്ത്രിസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് എന്‍സിപി സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.

ഇതിനിടെ രാജിതീരുമാനം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ കാത്തുനില്‍ക്കാതെ തോമസ് ചാണ്ടി സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക് തിരിച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങള്‍ അറിയിക്കുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. അതിനിടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ രാജിക്കത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നല്‍കി. എന്നാല്‍ ചാണ്ടി എന്തിനാണ് ആലപ്പുഴയ്ക്ക് പോയതെന്ന കാര്യം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

നേരത്തെ, പത്തരയ്ക്ക് തുടങ്ങിയ യോഗത്തില്‍ എന്‍ സി പി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. തോമസ് ചാണ്ടിയുടെ രാജിയോടെ പിണറായി മന്ത്രിസഭയില്‍ രാജിവെയ്ക്കുന്ന മൂന്നാമത്തെയാളായി തോമസ് ചാണ്ടി മാറി. നേരത്തെ ബന്ധുനിയമവിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനും അശ്ലീലച്ചുവയുള്ള ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് എ കെ ശശീന്ദ്രനും രാജിവെച്ചിരുന്നു.

രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പിണറായി വിജയനുമായി മന്ത്രി തോമസ്ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും മന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

രാജി അനിവാര്യമാണെന്ന് തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തത്കാലം മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി അറിയിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്.

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇന്ന് രാവിലെ എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

ആരോപണവിധേയനായ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടായിരുന്നു സിപിഐയുടെ അഞ്ച് മന്ത്രിമാരും കൈക്കൊണ്ടത്. അതിനിടെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ഭൂരിഭാഗം മന്ത്രിമാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം വൈകരുത്. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരന്‍ പറഞ്ഞു.

തോമസ് ചാണ്ടി വിചാരിച്ചാല്‍ ഒരു മിനിറ്റു കൊണ്ട് അത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മന്ത്രി മാത്യു ടി. തോമസും സുധാകരനെ പിന്തുണച്ചു സംസാരിച്ചു. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ മന്ത്രിമാരില്‍ പലരും അഭിപ്രായം വ്യക്തമാക്കിയില്ല.