പിണങ്ങിപ്പോയ ഭാര്യ ഭര്‍ത്താവിന്റെ പാട്ടുകേട്ട് തിരിച്ചെത്തി: പോലീസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍; വീഡിയോ വൈറല്‍

single-img
15 November 2017

മുംബൈ: പിണങ്ങിപ്പോയ ഭാര്യയെ പാട്ടു പാടി തിരിച്ചുപിടിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. തന്നോടൊപ്പം ജീവിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഭാര്യയെയാണ് യുവാവ് പാട്ടിലൂടെ ജിവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലാണ് സംഭവം.

ഭര്‍ത്താവുമായി പിണങ്ങി അമ്മാവന്റെ വീട്ടിലേക്ക് പോകുന്ന യുവതിയെ കൂടെ ചെന്ന് അനുനയിപ്പിക്കാനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം. എന്നാല്‍ അതിലൊന്നും ഭാര്യയുടെ മനസ് മാറ്റാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഭര്‍ത്താവിനെതിരെ പരാതിയുമായി അവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കേസെടുക്കുന്നതിനു മുമ്പ് കൗണ്‍സിലിങ്ങിനായി ഇരുവരെയും ജാന്‍സി പോലിസ് സൂപ്രണ്ട് കാര്യാലയത്തിലെ പരിവാര്‍ പരാമര്‍ശ് കേന്ദ്രയിലേക്ക് വിളിപ്പിച്ചു. അവിടെവെച്ചും യുവതി വിട്ടുവീഴ്ചക്ക് തയ്യാറാകാതെ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ പിരിയുമെന്നുറപ്പായപ്പോള്‍ ഭര്‍ത്താവ് പാട്ടിലൂടെ അവളെ തിരിച്ചുപിടിക്കുകയായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ബദ്‌ലാപുര്‍ എന്ന ചിത്രത്തിലെ ‘ദെഹ് ലീസ് പെ മെരെ ദില്‍കി’ എന്നു തുടങ്ങുന്ന പ്രണയ ഗാനമാണ് യുവാവ് ഭാര്യയ്ക്ക് വേണ്ടി പാടിയത്. നിന്നെ കൂടാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചില്ലെന്ന വരികളിലാണ് ഗാനം അവസാനിക്കുന്നത്. ആ വരികള്‍ പാടി തീര്‍ന്നതും യുവതി ഭര്‍ത്താവിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

തുടര്‍ന്ന് കേസെടുക്കാനിരുന്ന പോലീസും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും മധുരം നല്‍കി ഇരുവരേയും വീട്ടിലേക്ക് മടക്കി അയച്ചു.