സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിന് ഇന്നുമുതല്‍ കർശന പരിശോധന

single-img
15 November 2017

ഇഖാമ തൊഴില്‍ നിയമ ലംഘകരേയും ഹജ്ജ് ഉംറ വിസ കാലാവധി അവസാനിച്ചു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും പിടികൂടി നാടു കടത്തുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ നിയമ ലംഘകരെ പിടികൂടാൻ ഇന്ന് മുതൽ പരിശോധന ശക്തമാക്കും. കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യൊതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു മൂന്നു മാസത്തെ പൊതുമാപ്പ് നല്‍കിയത്.

കഴിഞ്ഞ ജൂണ്‍ 25ന് വീണ്ടും ഒരുമാസം കൂടി പൊതുമാപ്പ് കാലാവധി നീട്ടി നല്‍കി. എന്നാൽ ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതര്‍ സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പൊതുമാപ്പ് വീണ്ടും നീട്ടി നൽകുകയായിരുന്നു.

അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി ജവാസാത് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെവരെയുള്ള കണക്കു പ്രകാരം ഇന്ത്യൻ എംബസ്സിയിൽ ലഭിച്ച 33114 അപേക്ഷകളിൽ 32929പേർക്കും എമർജൻസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി എംബസി അറിയിച്ചു.