ഗൈഡുകള്‍ കാണാപ്പാഠം പഠിച്ച് പി.എസ്.സി. പരീക്ഷ എഴുതിയിട്ട് കാര്യമില്ല: ഇനി സര്‍ക്കാര്‍ ജോലി കിട്ടാന്‍ കടമ്പകള്‍ ഏറെ

single-img
15 November 2017

പി.എസ്.സി പരീക്ഷകളുടെ ഘടന പരിഷ്‌കരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിക്ക് യോഗ്യതയുള്ളവരാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായണ് കേരളാ പി.എസ്.സിയുടെ പുതിയ നീക്കം. ഇപ്പോള്‍ ഒരു പരീക്ഷ മാത്രമാണ് ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പല തസ്തികകളിലുള്ളത്.

ഇന്റര്‍വ്യൂ ഉള്‍പ്പെടെ മറ്റ് വിലയിരുത്തലുകളൊന്നും തന്നെയില്ല. അതിനു പകരം പ്രാഥമിക പരീക്ഷ, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അന്തിമ പരീക്ഷ എന്നിങ്ങനെയും ആവശ്യമെങ്കില്‍ അഭിമുഖവും നടത്തുന്ന രീതി നടപ്പിലാക്കാനാണ് പി.എസ്.സിയുടെ തീരുമാനം.

2018ഓടു കൂടി പി.എസ്.സി പരീക്ഷകളുടെ ഘടന മാറുമെന്നാണ് റിപ്പോര്‍ട്ട്. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി., പോലീസ് സര്‍വീസ്, അസിസ്റ്റന്റ്, കെ.എ.എസ്. എന്നിവയ്ക്കും സമാന തസ്തികകള്‍ക്കുമാണ് രണ്ട് ഘട്ട പരീക്ഷകള്‍ പ്രധാനമായി നടത്തുക. വന്‍തോതിലുള്ള അപേക്ഷകരില്‍ നിന്ന് നിശ്ചിത ശതമാനം പേരെ ഒഴിവാക്കുന്ന വിധത്തിലായിരിക്കും ആദ്യ ഘട്ട പരീക്ഷ.

ഒബ്ജക്ടീവ് രീതിയിലുള്ള ഒ.എം.ആര്‍. പരീക്ഷയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയില്‍ തന്നെയാവും ഈ പരീക്ഷ. പൊതുവിജ്ഞാനത്തിനായിരിക്കും പ്രാധാന്യം നല്‍കുക. ഒഴിവുകളുടെ എണ്ണം, സംവരണം എന്നിവ പരിഗണിച്ച് ഒരു ഏകീകൃത പട്ടികയായിരിക്കും ഒന്നാംഘട്ട പരീക്ഷയിലൂടെ തയ്യാറാക്കുക.

ഒന്നാംഘട്ട പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് രണ്ടാം ഘട്ട പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുക. എസ്.എസ്.എല്‍.സി., പ്ലസ്ടു യോഗ്യതയുള്ള തസ്തികകള്‍ക്ക് രണ്ടാം ഘട്ടത്തിലും ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ഒന്നാം ഘട്ടത്തിലെ സിലബസില്‍ നിന്ന് വലിയ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. എന്നാല്‍ ചോദ്യങ്ങളുടെ നിലവാരത്തില്‍ കാര്യമായ വ്യത്യാസമുണ്ടായിരിക്കും.

അതേസമയം ബിരുദം യോഗ്യതയായി നിശ്ചയിക്കപ്പെട്ട തസ്തികകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ വിവരണാത്മക പരീക്ഷയാണുണ്ടായിരിക്കുക. അസിസ്റ്റന്റ്, കെ.എ.എസ്., ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകള്‍ക്കെല്ലാം രണ്ടാംഘട്ടത്തില്‍ വിവരണാത്മക പരീക്ഷയായിരിക്കും. പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍ എന്നാ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍.

ഭാഷ നന്നായി കൈകാര്യം ചെയ്യുക എന്നതായിരിക്കും വിവരണാത്മക പരീക്ഷയില്‍ മുന്‍തൂക്കം ലഭിക്കാനുള്ള ആദ്യവഴി. നിര്‍ദിഷ്ട വാക്ക് പരിധിക്കുള്ളില്‍ ഒതുക്കി ഉത്തരങ്ങളെഴുതുക, കാര്യങ്ങള്‍ സംക്ഷിപ്തമായും വസ്തുതാ പ്രധാനമായും വിലയിരുത്തുക, തുടങ്ങിയ കാര്യങ്ങളാണ് ഇനി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

മൂല്യനിര്‍ണയത്തില്‍ ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്നതാണ് വിവരണാത്മക പരീക്ഷയുടെ പ്രധാന ന്യൂനത. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രണ്ട് ഘട്ട പരീക്ഷ നടത്തുന്ന ഏതാണ്ടെല്ലാ തസ്തികകള്‍ക്കും രണ്ടാംഘട്ടവും ഒബ്ജക്ടീവായാണ് നടത്തുന്നത്. ഭാഷാ പരിജ്ഞാനമളക്കേണ്ട തസ്തികകള്‍ക്കു മാത്രമാണ് രണ്ടാംഘട്ടം വിവരണാത്മകമാക്കിയിട്ടുള്ളത്.

ഗൈഡുകള്‍ കാണാപ്പാഠം പഠിച്ച് ജയിക്കാവുന്നതാണ് ഇപ്പോഴുള്ള പരീക്ഷയെന്ന് വളരെക്കാലമായി ആക്ഷേപമുയരുന്നുണ്ട്. മാത്രമല്ല ചെറിയൊരു ശതമാനമെങ്കിലും തസ്തികയ്ക്ക് പറ്റാത്തവര്‍ നിലവിലുള്ള രീതിയിലൂടെ സര്‍വീസിലെത്തുന്നു എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു.

അതേസമയം മൂല്യനിര്‍ണയത്തില്‍ ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്നതാണ് വിവരണാത്മക പരീക്ഷയുടെ പ്രധാന ന്യൂനത. നിലവില്‍ യു.പി.എസ്.സിയുടെ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയാണ് വിവരണാത്മക രീതിയില്‍ നടക്കുന്ന പ്രധാന പരീക്ഷകളിലൊന്ന്. ഇത് സംബന്ധിച്ചും ഒട്ടേറെ ആക്ഷേപങ്ങളുയരുന്നതിനിടെയാണ് കേരളാ പി.എസ്.സി. പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്.

കടപ്പാട്: മാതൃഭൂമി